കോട്ടയം: ആറ് വർഷമായിട്ടും പരിപ്പ്-തൊള്ളായിരം-മാഞ്ചിറ റോഡിന്റെ നിർമ്മാണം പൂർത്തിയാകാത്തത് അപ്പർകുട്ടനാടിന്റെ വികസനസ്വപ്നങ്ങളെ തകിടംമറിക്കുന്നു. പ്രധാൻമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിപ്രകാരം 16 കോടിരൂപ ചെലവിൽ 2013 ലാണ് മൂന്നരകിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. പാടശേഖരത്തിന് നടുവിലൂടെ 12 മീറ്റർ വീതിയിൽ മണ്ണിട്ട് ഉയർത്തി പൈലിംഗ് നടത്തി ടാർചെയ്യാനായിരുന്നു പദ്ധതി. ഇതിൽ സോളിംഗ് വരെയുള്ള പണികൾ പൂർത്തിയായെങ്കിലും ടാർ ചെയ്യാത്തതുമൂലം ചെളിക്കുണ്ടായ റോഡിലൂടെ കാൽനടയാത്രപോലും ദുസഹമായിരിക്കുകയാണ്. ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളിലെ കാർഷിക പുരോഗതിയും നൂറുകണക്കിന് കർഷക കുടുംബങ്ങളുടെ സുഗമസഞ്ചാരവും പാഴ്ക്കിനാവാക്കിയ റോഡ് ഇപ്പോൾ വാഹനയാത്രികർക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്. മിറ്റിൽ ഇളകി കുന്നും കുഴിയുമായിക്കിടക്കുന്നതിനാൽ ഇവിടെ വാഹനാപകടങ്ങൾ പതിവാണ്. സമീപകാലത്ത് രോഗികളുമായി ആശുപത്രിയിലേക്കുപോയ രണ്ട് വാഹനങ്ങൾ ചെളിയിൽ താഴന്ന് അപകടത്തിൽപ്പെട്ടിരുന്നു. രണ്ട് സംഭവത്തിലും സമയത്ത് ആശുപത്രിയിൽ എത്താൻ സാധിക്കാതെ രോഗികൾ മരണപ്പെടുകയും ചെയ്തു.
തൊള്ളായിരം പാടശേഖരത്തിന്റെ നെൽകൃഷി വികസനത്തിന് പുതിയ റോഡ് ഏറെ പ്രയോജനമാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്. വിത്തും വളവും ഉൾപ്പെയുള്ള കാർഷിക സാമഗ്രികൾ പാടശേഖരത്തിൽ എത്തിക്കുന്നതിനും കൊയ്തെടുക്കുന്ന നെല്ല് കൃത്യസമയത്ത് മില്ലുകളിൽ എത്തിക്കുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നെല്ലറയാണ് തൊള്ളായിരം പ്രദേശം. കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടാണ് കർഷകരെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത്. നാളിതുവരെ എല്ലാത്തരം ചരക്കുനീക്കത്തിനും വള്ളമാണ് നാട്ടുകാരുടെ ആശ്രയം.
അനാവശ്യ കാലതാമസം
റോഡ് നിർമ്മാണം വൈകുന്നതിന് തക്കതായ കാരണമൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. കേന്ദ്രസർക്കാർ അനുവദിച്ച 16 കോടിക്കുപുറമേ സംസ്ഥാന സർക്കാർ 5 കോടിരൂപകൂടി അനുവദിച്ചിരുന്നു. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. അനാവശ്യമായി കാലതാമസമുണ്ടാക്കി എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ച് പണംതട്ടാനുള്ള ബന്ധപ്പെട്ടവരുടെ തന്ത്രമാകാമെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് നിർമ്മാണം പൂർത്തിയായാൽ...
പരിപ്പ്- മാഞ്ചിറ റോഡ് യാഥാർത്ഥ്യമായാൽ കുമരകം ഭാഗത്തുനിന്ന് കോട്ടയത്തേക്കുള്ള ദൂരം ഗണ്യമായി കുറയും. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് കോട്ടയം മെഡിക്കൽകോളേജിലേക്ക് എളുപ്പത്തിൽ എത്താനുമാകും.