പാലാ : കാരുണ്യ പദ്ധതി തുടരാൻ സർക്കാർ തയ്യാറാകണമെന്ന് ജോസ്.കെ. മാണി എം.പി. ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സമ്മേളനം നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2300 കോടി ഉപയോഗിച്ച് 2.5 ലക്ഷം രോഗികൾക്ക് കാരുണ്യ ലോട്ടറിയിലൂടെ ലഭിച്ച സേവനം നിറുത്തലാക്കിയത് കെ.എം മാണിയോടുള്ള അനാദരവും രോഗികളോടുള്ള വെല്ലുവിളിയുമാണ്. പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും, വലിയ ഭൂരിപക്ഷം നിലനിറുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, ജോസ് ടോം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സാജൻ തൊടുക, ടി.സി.തോമസ്, പി.ജെ ജോൺ പുതിയിടത്തുചാലിൽ, രാജേഷ് വാളിപ്ലാക്കൽ, നിർമ്മല ജിമ്മി ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിബി ഓടക്കൽ, സണ്ണി പെരുന്ന കോട്ട്, ബൈജു കൊല്ലംപറമ്പിൽ, തോമസ് ആന്റണി, കെ.പി. ജോസഫ്, പെണ്ണമ്മ ജോസഫ്, കുഞ്ഞുമോൻ മടപ്പാട്ട്, ബെറ്റി റോയി തുടങ്ങിയവർ പ്രസംഗിച്ചു.