vk-joseph

കോട്ടയം: ഫാസിസം അധികാര കേന്ദ്രങ്ങളിൽ വാഴുന്ന കാലത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനം പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് ഫിലിം സൊസൈറ്റി ഫെഡറേഷൻ ദേശീയ സെക്രട്ടറി വി.കെ ജോസഫ് പറഞ്ഞു. കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ ആനന്ദ് പട്‌വർദ്ധന്റെ റീസൺ എന്ന ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദർശിപ്പിച്ചത് ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നേതൃത്വത്തിലാണ്. ഇത് ഈ പ്രതിരോധത്തിന്റെ ആദ്യ പടിയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള റീജിയണിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ വൈസ് പ്രസിഡന്റ് ചെലവൂർ വേണു അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി കെ.ജി മോഹൻകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മഴവില്ല് വനിതാ ഫിലിം സൊസൈറ്റി സെക്രട്ടറി ഹേനാ ദേവദാസ് , ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ, വിവിധ ഫിലിം സൊസൈറ്റികളെ പ്രതിനിധീകരിച്ച് പി.പ്രേമചന്ദ്രൻ (ഓപ്പൺ ഫ്രെയിം പയ്യന്നൂർ), സി.മോഹനൻ (ക്യൂബ് കണ്ണൂർ), അബൂബക്കർ (സ്‌പന്ദനം , വടക്കാഞ്ചേരി), ടി.ആർ ജോർജ് (മെട്രോ, കൊച്ചി), പി.എം ബാബു (തൊടുപുഴ ഫിലിം സൊസൈറ്റി), ലേഖ .ജെ (മഴവില്ല് ഫിലിം സൊസൈറ്റി കോട്ടയം) എന്നിവർ പ്രസംഗിച്ചു.