പാലാ : ഏട്ടിലെ പണം റോഡ് പണിക്ക് ഉപകരിക്കുമോ? ഇല്ലേയില്ലെന്ന് പൂവരണി മൂലേത്തുണ്ടി നിവാസികൾ കട്ടായം പറയും. പൂവരണി മൂലേത്തുണ്ടി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളെത്രയായി. യാത്രക്കാർ സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ, അതാ വരുന്നു റോഡ് പണിക്ക് ലക്ഷങ്ങൾ അനുവദിച്ചിരിക്കുന്നു ! വർഷം ഒന്ന് കഴിഞ്ഞു. ഒരു മെറ്റൽ പോലും പുതുതായി റോഡിൽ വീണിട്ടില്ല. വെറുതെ ആശിച്ചത് മിച്ചമെന്നിപ്പോൾ നാട്ടുകാരുടെ ആത്മഗതം.
കൊഴുവനാൽ മുത്തോലി പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂലേത്തുണ്ടി റോഡിനെ അധികാരികൾ അവഗണിക്കുന്നതിന്റെ ഒരു പാട് ഉദാഹരണങ്ങൾ നാട്ടുകാർക്ക് നിരത്താനുണ്ട്. പാലത്തിനാൽ ഭാഗം ,പൂവരണി അമ്പലം ഭാഗം, മൂലേത്തുണ്ടി തോടിനോടു ചേരുന്ന ഭാഗം എന്നിവിടങ്ങളിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. മഴക്കാലമായതോടെ റോഡ് കുളമായി. ഓട്ടോറിക്ഷകൾ ഇതുവഴി ഓട്ടം വരാൻ മടിക്കുന്നു. അഥവാ ആരെങ്കിലും പോരാൻ തയ്യാറായാൽ ഇരട്ടിക്കൂലിയും. ഓട്ടോ ഡ്രൈവർമാരെ പഴിച്ചിട്ട് കാര്യമില്ല. 'കുളങ്ങളിലിറങ്ങി ' റോഡിലോടണമെങ്കിൽ ചെലവേറും. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് നിത്യവും ഇതുവഴി പോകുന്നത്. റോഡിന്റെ നടുഭാഗം തകർന്നതോടെ ഇരുചക്രവാഹനങ്ങളും മറ്റും റോഡ് വശം ചേർന്ന് വരും. ഭീതിയോടെയാണ് ഇതുവഴിയുള്ള സഞ്ചാരം.
റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് കാര്യമില്ല, റീ ടാറിംഗ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൂവരണിയിൽ നിന്ന് ഒന്നര കിലോമീറ്റർ
പൂവരണിയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്ററേയുള്ളൂ മൂലേത്തുണ്ടിക്ക്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത വഴിയാണിത്. പൂവരണിയിൽ നിന്ന് പാലാ കൂടാതെ കൊഴുവനാലിനും കൊടുങ്ങൂർക്കും കോട്ടയത്തിനുമെത്താനുള്ള എളുപ്പ വഴി. പന്തത്തല, മുത്തോലി പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള കുറുക്കുവഴിയും.
''
മൂലേത്തുണ്ടി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകി മടുത്തു. ഒടുവിൽ തകർന്ന റോഡിന്റെ ചിത്രം സഹിതം വകുപ്പ് മന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
ബിജു കോയിക്കൻ,പൗരസമിതി പ്രസിഡന്റ്