വൈക്കം: എന്തിനായിരുന്ന ഇങ്ങനെയൊരു മണി എന്ന് സന്ദർശകർക്കു മാത്രമല്ല, അക്കാഡമിക്കും തോന്നിത്തുടങ്ങിയോ?. കേരള ലളിതകലാ അക്കാഡമി വൈക്കത്ത് സ്ഥാപിച്ച സത്യഗ്രഹസ്മൃതി ശില്പ ഉദ്യാനത്തിന്റെ ഭാഗമായ മണി ആരും നോക്കാനില്ലാതെ കായലോരത്ത് നാശോൻമുഖമായി തുടരുന്നു.
നവോത്ഥാന സമരചരിത്രത്തെ ആസ്പദമാക്കി അക്കാഡമി ഒരുക്കിയ സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനം സത്യഗ്രഹ സമര ചരിത്രത്തോടുള്ള കലാകാരന്മാരുടെ ആദരവായിട്ടാണ് വിശേഷിപ്പിക്കപ്പട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലകൾ തോറും നടപ്പാക്കിയ വഴിയോര ശില്പ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ലളിതകലാ അക്കാഡമി നിർമ്മിച്ച ആദ്യ ശില്പമാണ് വൈക്കം നഗരസഭാ പാർക്കിനു സമീപത്തെ കൂറ്റൻ മണി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകാരൻ ജിജി സ്കറിയയാണിത് നിർമ്മിച്ചത്. പൂർണമായും സ്റ്റെയിൻലസ് സ്റ്റീലിൽ തീർത്തിട്ടുളള മണിക്ക് 13 അടി ഉയരവും 16 അടി ചുറ്റളവുമുണ്ട്. രണ്ടര ടൺ ഭാരം വരും. തീരങ്ങളുടെ കഥ പറയുന്ന, കാലത്തെയാണ് മണി പ്രതിനിധാനം ചെയ്യുന്നതെന്ന് അക്കാഡമി അവകാശപ്പെടുന്നു. കായലിൽ ചതുരാകൃതിയിൽ നിർമ്മിച്ച ഇരുമ്പു ഗർഡറുകളിൽ തൂക്കിയിട്ടിരിക്കുന്ന ഈ മണിയിലെ 64 സുഷിരങ്ങളിലൂടെ വെളളം കയറി ഇറങ്ങിക്കൊണ്ടിരിക്കും. 25 ലക്ഷം രൂപയായിരുന്നു നിർമ്മാണച്ചെലവ്. 2015 ആഗസ്റ്റ് 23ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മണി നാടിന് സമർപ്പിച്ചത്. അന്ന് കേരള ലളിതകലാ അക്കാഡമി സെക്രട്ടറിയായിരുന്ന വൈക്കം സ്വദേശി എം.കെ ഷിബു മുൻകൈയെടുത്തായിരുന്നു സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനം സ്ഥാപിച്ചത്. കൊച്ചി ബിനാലെയിൽ ഈ മണി പ്രദർശിപ്പിച്ചിരുന്നു.
പക്ഷേ വൈകാതെ മണിയുടെ കാര്യം എല്ലാവരും മറന്നു. സുഷിരങ്ങൾ യഥാസമയം വൃത്തിയാക്കാത്തതും മോട്ടോർ ആറ്റകുറ്റപ്പണി നടത്താത്തതും മൂലം വെള്ളം കയറിയിറങ്ങിയിരുന്നതെല്ലാം നിലച്ചു. എല്ലാവർഷവും പെയിന്റടിച്ചു സംരക്ഷിക്കേണ്ട ഗർഡറുകൾ കായൽക്കാറ്റേറ്റ് തുരുമ്പെടുത്തുതുടങ്ങി. അറ്റകുറ്റപ്പണികൾ ചെയ്യാൻ ബാദ്ധ്യസ്ഥരായ ലളിതകലാ അക്കാഡമി ഇപ്പോൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.
സത്യഗ്രഹസ്മൃതി ശില്പ ഉദ്യാനം
വൈക്കം സത്യഗ്രഹസ്മൃതികൾ കേരള ലളിതകലാ അക്കാദമി വൈക്കത്ത് സംഘടിപ്പിച്ച സംസ്ഥാന ശില്പകലാ ക്യാമ്പിൽ വൈക്കം സത്യഗ്രഹസ്മൃതി ശില്പ ഉദ്യാനമായി പുനരാവിഷ്ക്കരിപ്പെട്ടതാണ് കായലോരത്തെ മറ്റ് ശില്പങ്ങൾ. കേരളത്തിലെ ശ്രദ്ധേയരായ പത്ത് യുവശില്പികളും ഇരുപതിലേറെ സഹായികളും ചേർന്നാണ് കോൺക്രീറ്റ് ഉപയോഗിച്ച് പന്ത്രണ്ടടിയേളം ഉയരമുളള ശില്പങ്ങൾ നിർമ്മിച്ചത്. സാമൂഹ്യവിരുദ്ധർ പലപ്പോഴായി നശിപ്പിച്ച ശില്പ ഭാഗങ്ങൾ അടുത്തകാലത്ത് നഗരസഭ പുനർനിർമ്മിച്ചിരുന്നു. പക്ഷേ സന്ദർശകരിൽ ചിലർ പേരു കൊത്തിവയ്ക്കുന്നതാണ് ഇപ്പോൾ ശില്പങ്ങൾ നേരിടുന്ന പ്രശ്നം. നിരീക്ഷണ കാമറ സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇതു പരിഹരിക്കാനാവും.
വൈക്കത്തിന്റെ വിനോദ സഞ്ചാര വികസന സാദ്ധ്യതകൾ പരിഗണിച്ചാണ് കൊച്ചിൻ ബിനാലേയിലെ ശ്രദ്ധേയമായ ശില്പം വൈക്കത്ത് സ്ഥാപിച്ചത്. ശില്പം കാണാൻ വിദേശത്തു നിന്നു പോലും കലാകാരന്മാരും ആസ്വാദകരും ഇതിനകം വൈക്കത്ത് വന്നു പോയി. ഈ ശില്പം കാലങ്ങളോളം കാത്തുവയ്‌ക്കേണ്ടതുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തതിനാൽ അത് നാശത്തിന്റെ വക്കിലാണ്. സർക്കാർ അടിയന്തരമായി ഇടപെടണം.
വൈക്കം എം.കെ.ഷിബു
മുൻ സെക്രട്ടറി, കേരള ലളിതകലാ അക്കാഡമി