police

ഏറ്റുമാനൂർ :പൊലീസ് സേനയ്ക്ക് കളങ്കം വരുത്തിയ സംഭവമാണ് ഇടുക്കിയിൽ നടന്നതെന്നും അതിനെ ന്യായികരിക്കാൻ സാധിക്കില്ലെന്നും സുരേഷ് കുറുപ്പ് എം.എൽ.എ പറഞ്ഞു. ഏറ്റുമാനൂരിൽ കേരളാ പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ കാര്യങ്ങളിൽ ഇന്ത്യയിൽ തന്നെ വളരെ ഏറെ പ്രശംസ നേടിയ കേരള പൊലീസിനെ അപകീർത്തിപ്പെടുത്തിയ സംഭവമാണ് ഇടുക്കിയിലേത്.

പൊലിസിന് ശക്തി ഉപയോഗിക്കാൻ പറ്റുന്ന ഒരു പാട് കാര്യങ്ങൾ നിയമത്തിലുണ്ട്. അവയൊക്കെ ക്യത്യമായി പാലിക്കാൻ ശ്രമിക്കുക. അതിനപ്പുറത്തെയ്ക്ക് പോകരുത്. സേനയെ കൂടുതൽ സംസ്കാര സമ്പന്നമാക്കാൻ പൊലീസ് അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാണത്.- അദ്ദേഹം പറഞ്ഞു.
കെ.പി.എ ജില്ലാ പ്രസിഡന്റ് കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് അജേഷ് കുമാർ, കെ.സി സലിം കുമാർ, വൈക്കം എ.എസ് .പി അരവിന്ദ് സുകുമാർ, കോട്ടയം ഡിവൈ.എസ്.പി .ആർ.ശ്രികുമാർ, പാല ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പ്രേംജി കെ.നായർ, കെ.എ മാർട്ടിൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.രാജേഷ്, കേരള ഫയർഫോഴ്സ് അസോസിയേഷൻ മെമ്പർ പി.സജു, ബാബു ജോർജ്, അജിത് ടി.ചിറയിൽ എന്നിവർ പ്രസംഗിച്ചു.