ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിന്റെ കുരുക്ക് മുറുകുന്നു. റിമാൻഡിലുള്ള എസ്.ഐ കെ.എ. സാബുവിനെയും​ സി.പി.ഒ സജീവ് ആന്റണിയേയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം എസ്.പിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. രാജ്കുമാറിനെ നാല് ദിവസം നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച ക്രൂരമായി മർദ്ദിച്ചെന്ന വിവരം എസ്.പിക്ക് അറിയാമായിരുന്നുവെന്ന് സാഹചര്യ തെളിവുകളിൽ നിന്നും മൊഴികളിൽ നിന്നും അന്വേഷണസംഘത്തിന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ എ.എസ്.ഐ റെജിമോൻ,​ പൊലീസ് ഡ്രൈവർ നിയാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ ക്രൈം ബ്രാഞ്ച് ഒളിച്ചുകളിക്കുകയാണ്. ഇവർക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. എന്നാൽ പ്രതികൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിച്ച ശേഷം അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിശദീകരണം. അതേസമയം പ്രതികൾ ഇന്ന് കീഴടങ്ങുമെന്നും സൂചനയുണ്ട്. കേസിൽ നാല് പ്രതികളാണുള്ളത്.

നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു പൊലീസുകാരി ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുമെന്ന് അന്വേഷണസംഘം സൂചന നൽകുന്നു. ഒരു പൊലീസുകാരി തന്റെ രഹസ്യഭാഗത്ത് പച്ചമുളക് തേയ്ച്ചതായി വായ്പ തട്ടിപ്പുകേസിലെ പ്രതി ശാലിനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ശാലിനിയുടെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകും. ഇതിന് ശേഷം പൊലീസുകാരിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്നും അറിയുന്നു.