കോട്ടയം: നഗരസഭകളിൽ ചുവുപ്പുനാടയിൽ കുരുങ്ങിയ കെട്ടിട നിർമാണ, ഒക്യുപെൻസി സർട്ടിഫിക്കറ്റ് അപേക്ഷകളുടെ കുരുക്കഴിക്കാൻ അദാലത്തിന് രൂപം കൊടുത്തതോടെ നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ. ഇന്ന് മുതൽ വിവിധ ദിവസങ്ങളിലാണ് നഗരസഭകളിൽ അദാലത്ത്. ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷകൾ അകാരണമായി താമസിപ്പിച്ചാൽ നടപടിയുണ്ടാവുമെന്ന് ഉറപ്പായതോടെ അദാലത്തിന് മുൻപ് കഴിയുന്നത്ര അപേക്ഷകൾ തീർപ്പാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥർ.
വിവിധ അപേക്ഷകൾക്ക് കൈക്കൂലി ആവശ്യപ്പെട്ട കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലയിലെ ആറ് നഗരസഭകളിലായി കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് നൂറിലേറെ അപേക്ഷകളും ഒക്യുപെൻസി സർട്ടിഫിക്കറ്റിന് 58 അപേക്ഷകളും തീർപ്പാക്കാനുണ്ട്. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ അതു തീർപ്പാക്കി മറുപടി നൽകണമെന്നാണു ചട്ടം. എന്നാൽ അപേക്ഷകൾ പലതും ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കുകയാണ്. അഴിമതി ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ട്. അപേക്ഷ തീർപ്പാക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരും അവരുടെ ഇടനിലക്കാരായ ഉദ്യോഗസ്ഥരും നഗരസഭകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
മന്ത്രി എ.സി മൊയ്തീൻ നേരിട്ടും ചില നഗരസഭകളിൽ അദാലത്തിന് രൂപം കൊടുക്കുന്നുണ്ട്. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അദാലത്തിൽ അപേക്ഷകളുടെ കാര്യത്തിൽ പഴയപോലെ തൊടുന്യായം പറഞ്ഞു രക്ഷപ്പെടാനാവില്ല. ഓൺലൈനിൽ നൽകുന്ന അപേക്ഷകൾ കംപ്യൂട്ടർ സംവിധാനത്തിന്റെ തകരാർ മൂലം തീർപ്പാക്കാൻ കഴിയുന്നില്ലെന്ന ന്യായമാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇതിനു പരിഹാരമായി, തകരാർ പരിഹരിക്കുന്നതു വരെ അപേക്ഷകൾ കംപ്യൂട്ടർ വഴിയല്ലാതെ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
ചെയ്യേണ്ടത്
കെട്ടിട നിർമാണത്തിനോ ഒക്യുപെൻസി സർട്ടിഫിക്കറ്റിനോ മുൻപ് നൽകിയ അപേക്ഷയുടെ ഫയൽ നമ്പർ സഹിതമുള്ള അദാലത്ത് അപേക്ഷ നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ നൽകാം. ഇതിന് കൈപ്പറ്റു രസീതും ലഭിക്കും. ഈ അപേക്ഷകൾ അദാലത്തിൽ പരിഗണിക്കും.