thod

പെരുവ: ഇടയാറ്റുപാടം വലിയ തോടിന്റെ തീരം ഇടിയുന്നതും എക്കൽ അടിയുന്നത് മൂലം വീതിയും ആഴവും കുറയുന്നതും തോട്ടിലെ നീരൊഴുക്കിന് തടസമാകുന്നു. നീരൊഴുക്ക് തടസപ്പെടുന്നത് മൂലം സമീപപ്രദേശങ്ങളിലെ കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതു മൂലം മുളക്കുളം ഇടയാറ്റുപാടശേഖരത്തിലെ വെള്ളം വറ്റാൻ താമസിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. പാടശേഖരത്തിൽ വെള്ളം വറ്റുന്നത് താമസിച്ചാൽ നെൽകൃഷിയെ സാരമായി ബാധിക്കും. പന്ത്രണ്ട് മീറ്ററോളം വീതിയുണ്ടായിരുന്ന തോടിന് ഇപ്പോഴുള്ളത് രണ്ട് മുതൽ അഞ്ച് മീറ്റർ വീതി വരെ മാത്രമാണുള്ളത്. തറേക്കടവ് ഭാഗത്താണ് തോടിന്റെ വീതി ഏറ്റവും കുറഞ്ഞത്. മണപ്പുഴപ്പാലം മുതൽ ചങ്ങലപ്പാടം വരെയുള്ള തോടാണിത്. സമീപവാസികൾ ദൈനംദിന ആവശ്യങ്ങൾക്കായി ഈ തോട്ടിൽ നിന്നാണ് വെള്ളാണ് എടുക്കുന്നത്. തോടിന്റെ ഇരുവശവും കാട് പിടിച്ച നിലയിലാണ്. ഈ തോട് സംരക്ഷിക്കുന്നതിനായി നടപടികളൊന്നും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. തോടിന്റെ വീതി കൂട്ടി ആഴം വർദ്ധിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.