കോട്ടയം: രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റാണ്. പക്ഷേ ഇന്ത്യൻ ഭരണഘടനയുടെ ആദ്യ കൈയെഴുത്ത് പതിപ്പിൽ ആദ്യം ഒപ്പിട്ടത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആയിരുന്നു. മറ്റെല്ലാവരും ഒപ്പിട്ട ശേഷമാണ് രാജേന്ദ്രപ്രസാദ് ഒപ്പിട്ടത്. രാഷ്‌ട്രപതിയുടെ ഒപ്പ് ഒന്നാമത്തേതായിരിക്കണമല്ലോ. അങ്ങനെ നെഹ്‌റുവിന്റെ ഒപ്പിന് മുകളിൽ നിര തെറ്റിയാണ് രാജേന്ദ്രപ്രസാദ് ഇംഗ്ലീഷിൽ പേരെഴുതി ഹിന്ദിയിൽ ഒപ്പിട്ടിരിക്കുന്നത്. അവസാനത്തെ ഒപ്പ് നെഹ്‌റുവിന്റെ മരുമകൻ (ഇന്ദിരാഗാന്ധിയുടെ ഭർത്താവ്) ഫിറോസ് ഗാന്ധിയുടേതാണെന്നതാണ് മറ്റൊരു കൗതുകം. ഫിറോസ് ഗാന്ധി ഭരണഘടനാ അസംബ്ലി അംഗമായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ 284 അംഗങ്ങളും ഒപ്പിട്ടിട്ടുണ്ട്.
കൈകൊണ്ട് എഴുതിയ ഭരണഘടനയുടെ ഫോട്ടോ പതിപ്പുകളിൽ ഒന്നാണ് 136 വർഷം പിന്നിട്ട കോട്ടയം പബ്ലിക് ലൈബ്രറിയുടെ റഫറൻസ് വിഭാഗത്തിൽ ഉള്ളത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ റഫറൻസ് വിഭാഗം ഉദ്ഘാടനം ചെയ്‌ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക് ഈ പതിപ്പ് മറിച്ചു നോക്കിയപ്പോഴാണ് കൗതുകങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപം തയ്യാറായി അച്ചടിക്കാൻ ഒരുങ്ങിയപ്പോഴാണ് പ്രധാനമന്ത്രി നെഹ്‌റുവിന് ഒരു ആശയം തോന്നിയത്. ഭരണഘടന അച്ചടിച്ച ഒരു വെറും പുസ്‌തകമാവരുത്. കെട്ടിലും മട്ടിലും അപൂർവ ചാരുതയാർന്നതാവണം. അങ്ങനെയാണ് നെഹ്‌റു പ്രശസ്‌ത കാലിഗ്രാഫി വിദഗ്ദ്ധനായിരുന്ന പ്രേംബിഹാരി നാരായൺ റായിസാദയെ സമീപിച്ചത്. ഭരണഘടന കാലിഗ്രാഫിയിൽ എഴുതാൻ നെഹ്‌റു ആവശ്യപ്പെട്ടു. പ്രേംബിഹാരി കൈകൊണ്ട് അതിമനോഹരമായി എഴുതിയതാണ് ഭരണഘടനയുടെ ആദ്യ ഇംഗ്ലീഷ് പതിപ്പ്. വിഖ്യാത ചിത്രകാരനും കൊൽക്കത്ത ശാന്തിനികേതനിലെ അദ്ധ്യാപകനുമായിരുന്ന നന്ദലാൽ ബോസും ശിഷ്യന്മാരും ഓരോ പേജിന്റെയും ബോർഡറിൽ ചിത്രപ്പണികളും ചെയ്‌തു.
അപൂർവ താളിയോല ഗ്രന്ഥങ്ങൾ, പഴയ പത്ര മാസികകൾ, തിരുവിതാംകൂർ മഹാരാജാവിനെ മുൾമുനയിൽ നിറുത്തി ബ്രിട്ടീഷ് സർക്കാർ ഒപ്പിടുവിച്ച മുല്ലപ്പെരിയാർ കരാർ അടക്കം നിരവധി ചരിത്ര രേഖകൾ കോട്ടയം പബ്ലിക് ലൈബ്രറിയുടെ പുതിയ റഫറൻസ് വിഭാഗത്തിലുണ്ട്.