ചങ്ങനാശേരി : ദുരിതങ്ങളുടെ ഒരുപാട് കഥ പറയാനുണ്ടാകും ചിങ്ങവനത്തെ ബസ് യാത്രികർക്ക്. വെയിലായാലും മഴയായാലും ബസ് കാത്തുനിൽക്കുന്നവർ ദുരിതം സഹിക്കേണ്ട സ്ഥിതി. മഴയൊന്ന് വീണാൽ നേരെ വച്ചുപിടിക്കും കടത്തിണ്ണയിലേക്ക്... എന്തായാലും ഈ ദുരിതമൊക്കെ ഒഴിയുകയാണെന്ന് യാത്രക്കാർക്ക് ആശ്വസിക്കാം. ചിങ്ങവനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിലെ കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സ്വകാര്യബസുകളും ട്രാൻ. ബസുകളും നിറുത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെ തന്നെയാണ്. ജോസ് കെ.മാണി എം.പിയുടെ വികസനഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. ആധുനിക രീതിയിലുള്ള കാത്തിരിപ്പു കേന്ദ്രമാണ് ഇവിടെ നിർമ്മിക്കുന്നത്. കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികൾ നാട്ടുകാർ സംഘടിപ്പിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അതേസമയം റോഡ് നവീകരണത്തിനു ശേഷവും എം.സി റോഡിലെ പല പ്രധാന കേന്ദ്രങ്ങിലും കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചിട്ടില്ല. പള്ളം പോസ്റ്റ് ഓഫീസ് കവല, കാലായിപ്പടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇപ്പോഴും കാത്തിരിപ്പുകേന്ദ്രങ്ങളില്ല.