ചങ്ങനാശ്ശേരി : കിണറ്റിൽ ഒരുതുള്ളി വെള്ളമില്ല. ഇത്തവണ കാലവർഷവും ചതിച്ചു. ആകെ ആശ്രയം കുറുമ്പനാടം വഴീപ്പടി തോട്ടിലെ വെള്ളമായിരുന്നു. അതും ഇപ്പോൾ ഉപയോഗിക്കാൻ കഴിയാതെയായി. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുമ്പോൾ കുറുമ്പനാടം നിവാസികൾക്ക് ഇരട്ടി ദുരിതമാണ്. നൂറുകണക്കിന് ആളുകൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന വഴീപ്പടി തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. മാടപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പ്രദേശം. മൂന്നാമത്തെ തവണയാണ് ഒരേ സ്ഥലത്ത് മാലിന്യം തള്ളുന്നത്. രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നതെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. സംഭവത്തിൽ വാർഡ് മെമ്പർ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും മാസം മുൻപ് വാഴൂർ റോഡിൽ മാടപ്പള്ളി പഞ്ചായത്ത് കാര്യാലയത്തിന് മുന്പിൽ കക്കൂസ് മാലിന്യം തള്ളിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.