കോട്ടയം: പകൽമുഴുവൻ നിലയ്ക്കാത്ത തെറിവിളി, രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ തമ്മിലടി. ഒരുകാലത്ത് കോട്ടയത്തിന്റെ സിരാകേന്ദ്രമായിരുന്ന തിരുനക്കര ബസ് ടെർമിനലിന്റെ ഇന്നത്തെ അവസ്ഥയാണിത്. ദിവസവും നൂറുകണക്കിന് സ്വകാര്യ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന നഗരഹൃദയത്തിലെ പ്രധാനകേന്ദ്രത്തിലാണീ ദുരസ്ഥിതി. നേരം പുലരുമ്പോൾ മുതൽ അന്തിമയങ്ങുംവരെ യാത്രക്കാർക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും തിടുക്കത്തിൽ നടക്കുന്ന ആരോഗ്യദൃഡഗാത്രനായൊരു ചെറുപ്പക്കാരനാണ് തെറിവിളിയുടെ പ്രഭവകേന്ദ്രം. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് ടെർമിനലിലെ വ്യാപാരികൾ പറയുന്നത്. സദാസമയം രോഷാകുലമായ മുഖഭാവത്തോടെ കൈകൾ പിന്നിൽകെട്ടി നടക്കുന്ന ഇയാൾക്ക് സ്ത്രീകളോടാണ് വൈരാഗ്യം. പ്രത്യേകിച്ച് മൊബൈൽ ഫോണിൽ സംസാരിച്ചുനിൽക്കുന്നവരെ കണ്ടാൽ മേലുംകീഴും നോക്കാതെ 'വയലന്റ്' ആകും. പിന്നെ നടപ്പ് നിറുത്തി, ഉച്ചത്തിൽ തെറിവിളിക്കും. ശല്യം കൂടുമ്പോൾ ആരെങ്കിലും വിളിച്ചുപറഞ്ഞാൽ പൊലീസ് വന്ന് പിടിച്ചുകൊണ്ടുപോകും. പൊലീസ് പിടിക്കുമ്പോഴും തെറിവിളിക്ക് ഒരുകുറവുമുണ്ടാകാറില്ല. അധികം താമസിക്കാതെ കക്ഷി തിരിച്ചെത്തുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ആരും പൊലീസിനോട് പരാതിപ്പെടാറുമില്ല. തന്നെയുമല്ല, സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് സുരക്ഷയുറപ്പാക്കാൻ ഒരു പൊലീസുകാരൻ പോലുമില്ല. സാധാരണ നഗരപ്രദേശങ്ങളിലെ ആളുകൾ കൂടുന്ന സ്ഥലത്ത് നിരീക്ഷണ കാമറകളെങ്കിലും ഉണ്ടാകാറുണ്ട്. തിരുനക്കര ഈ കാര്യത്തിലും പരിധിക്കുപുറത്താണ്.
രാവിലെയും വൈകിട്ടും പ്രണയലീലകൾ
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് മൂന്നര മുതൽ 5 വരെയും തിരുനക്കര ബസ് കാത്തിരുപ്പുകേന്ദ്രത്തിൽ കുട്ടി പ്രണയിനികളുടെ സ്വൈര്യവിഹാരമാണ്. ഇവരുടെ ലീലകൾ കണ്ടില്ലെന്ന് നടിക്കാനാണ് മുതിർന്നവർക്കും താത്പര്യം. അതിരുവിട്ട കളികൾ കാണുമ്പോൾ ഉപദേശിക്കണമെന്ന് തോന്നുമെങ്കിലും കുട്ടികളിൽ നിന്നുള്ള പ്രതികരണം ഭയന്ന് കണ്ണടയ്ക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. പകൽ മാനസികരോഗിയും കമിതാക്കളും തകർത്താടുന്ന ബസ് ടെർമിനൽ സന്ധ്യമയങ്ങിയാൽ പിന്നെ ഏങ്ങുനിന്നൊക്കെയൊ വരുന്ന കിടപ്പുകാരുടെ താവളമാകും. അവർക്കിടയിലെ തമ്മിലടിയും ആക്രോശങ്ങളുമൊക്കെയായി രാത്രികൾ ഭീകരമാകും.
'ഇരിക്കണമെങ്കിൽ ഇരിപ്പിടം വീട്ടിൽ നിന്ന് കൊണ്ടുവരണം'
തിരുനക്കര ബസ് ടെർമിനലിനെ ബസ് കാത്തിരിപ്പുകേന്ദ്രം എന്ന് മലയാളീകരിച്ചാൽ വ്യാകരണപിശകുണ്ടാകും. കാരണം ഇവിടെ കാത്തിരിപ്പില്ല, കാത്തുനിൽപ്പാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സ്റ്റീൽ ബഞ്ചുകളിൽ പലതിന്റെയും 'ഇരിപ്പിടം' അടർന്നുപോയിരിക്കുന്നു. ശേഷിക്കുന്നത് എപ്പോൾ വേണമെങ്കിലും അടരാം എന്നതുകൊണ്ട് ഇരിക്കാൻ ആർക്കും ധൈര്യമില്ല.
2013 -14 ൽ 25 ലക്ഷം ചെലവഴിച്ചു
അവസാനമായി 2013- 14 സാമ്പത്തികവർഷം നഗരസഭ 25 ലക്ഷംരൂപ ചെലവഴിച്ചാണ് തിരിനക്കര ബസ് ടെർമിനൽ നവീകരിച്ചത്. തറയും തൂണും ഭിത്തിയുമൊക്കെ നവീകരിച്ച കൂട്ടത്തിൽ സ്റ്റീൽപൈപ്പുകൊണ്ടുള്ള ഇരിപ്പടവും നിർമ്മിച്ചു. ഇതാണ് ഇപ്പോൾ തകർന്നുകൊണ്ടിരിക്കുന്നത്.
50 ലക്ഷം മുടക്കി നവീകരിക്കും: എം.പി.സന്തോഷ്
'തിരുനക്കര ബസ് സ്റ്റാന്റിന്റെ നവീകരണത്തിന് ഈ സാമ്പത്തിക വർഷം 50 ലക്ഷംരൂപ ചെലവഴിക്കും. ഉറപ്പുള്ള പ്ലാസ്റ്റിക് ഇരിപ്പിടങ്ങൾ, മുകളിലത്തെ നിലയിലേക്കുള്ള പടിക്കെട്ടുകളുടെ നവീകരണം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്' - എം.പി. സന്തോഷ് നഗരസഭ കൗൺസിലർ.