പൊൻകുന്നം:വാർഡിൽ കാര്യങ്ങളൊന്നും കാര്യക്ഷമമായി നടക്കാതെ വരുമ്പോൾ 'മെമ്പർക്കെന്താ ഒരു ഉഷാറില്ലാത്തെ?" എന്ന് നിഷ്പക്ഷമായി നിരീക്ഷിക്കുന്നവരെയും 'ഇലക്ഷൻ വരട്ടെ, ഇയാൾക്ക് ഇനി വോട്ടു ചെയ്യുന്ന പ്രശ്നമില്ല," എന്ന് രോഷം കൊള്ളുന്നവരെയും നാട്ടിൻപുറത്ത് കണ്ടുമുട്ടിയെന്നിരിക്കും. ശരിയാണ്: അടുത്ത തിരഞ്ഞെടുപ്പിന് ഇനി അധിക നാളുകളില്ലാഞ്ഞിട്ടും പല മെമ്പർമാർക്കും പഴയ ഉൗർജസ്വലതയില്ല. പലരും തങ്ങളുടേതായ ഉപജീവനമാർഗങ്ങൾ പുഷ്ടിപ്പെടുത്തുന്ന തിരക്കിലാണ്. റിയൽ എസ്റ്റേറ്റിലേയ്ക്കും കോൺട്രാക്ടിലേയ്ക്കും മറ്റും പലരും ശ്രദ്ധപതിപ്പിക്കാൻ തുടങ്ങി. പ്രത്യേകിച്ച് പുരുഷ മെമ്പർമാർ. ശിഷ്ടകാലം ജീവിക്കണമല്ലോ!
കാരണം മറ്റൊന്നുമല്ല, വനിതാ സംവരണമെന്ന നിയമമാണ് ഇവരുടെ നിരുൻമേഷത്തിനു പിന്നിൽ. അമ്പിളിമാമനെ പിടിച്ച് കൊണ്ടുപോയി കൊടുത്താലും അടുത്ത തിരഞ്ഞെടുപ്പിൽ അതേ വാർഡിൽ മൽസരിക്കാനാവില്ല. വനിതാ സംവരണം വന്നതോടെയാണ് ഈ അവസ്ഥ. രണ്ടാമങ്കത്തിന് അവസരമില്ലെങ്കിൽ പിന്നെ മല മറിച്ചിട്ട് എന്തു കാര്യം! .
വനിതാസംവരണം വന്നതോടെ ഓരോ പഞ്ചായത്തിലേയും അമ്പതു ശതമാനം വാർഡുകൾ വനിതകൾക്കായി നീക്കി വച്ചിരിക്കയാണ്.ഇപ്പോഴത്തെ ജനറൽ വാർഡുകളാകും അടുത്ത തവണ വനിതാവാർഡുകൾ. അതുകൊണ്ട് നിലവിലുള്ള പുരുഷമെമ്പർമാർക്ക് ഒരിക്കൽകൂടി അതേ ജനങ്ങളെ സേവിക്കാൻ ബുദ്ധിമുട്ടാണ്. വാർഡ് മാറി മത്സരിക്കാമെന്നു മാത്രം.
എന്നാൽ വനിതാമെമ്പർമാർക്ക് നിലവിലുള്ള വാർഡിൽ ഒരിക്കൽകൂടി മത്സരിക്കാൻ നിയമതടസമൊന്നുമില്ല. പലരും ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന വിശ്വാസത്തിലാണ്. എന്നാൽ അഞ്ചു വർഷമായി ഉടുപ്പു തയ്പിച്ചു കാത്തിരിക്കുന്ന പുരുഷൻമാർ വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നത് വേറെ കാര്യം.
ഈ പഞ്ചായത്തുകളിൽ
ചിറക്കടവ് :ആകെ 20. വനിതകൾ 11,
എരുമേലി: ആകെ 23.വനിതകൾ 12.
മണിമല ആകെ 15 , വനിതകൾ 11 .
എലിക്കുളം ആകെ16,വനിതകൾ 9.
കാഞ്ഞിരപ്പള്ളി:ആകെ 23.വനിത 12.
ഒറ്റ സംഖ്യയെങ്കിൽ വനിത മുന്നിൽ
മെമ്പർമാരുടെ എണ്ണം ഒറ്റ സംഖ്യയാണെങ്കിൽ അവിടെയെല്ലാം വനിതകൾക്കാണ് ആധിപത്യം.15 വാർഡുകളുള്ള ഒരു പഞ്ചായത്തിൽ വനിതാ മെമ്പർമാരുടെ എണ്ണം 8 ആണ്. ഏഴായാൽ അമ്പതുശതമാനമാകില്ല എന്നതാണ് കാരണം.
വനിതാസംവരണ നിയമം നിലവിൽ വരുന്നതിനു മുമ്പ് നൂറുശതമാനം പുരുഷാധിപത്യമായിരുന്നു. അന്ന് ആർക്കും ഒരു പരാതിയുമില്ലായിരുന്നു.ഇന്ന് വനിതകൾ അവർക്ക് അർഹതപ്പെട്ട സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നത്.
മായാദേവി, പല്ലാട്ട്, കാഞ്ഞിരപ്പള്ളി.
വനിതാമെമ്പർമാർ സേവനതൽപ്പരരാണെങ്കിൽപോലും ചില പരിമിതികളുണ്ട്.ഒരു വാർഡിലെ എല്ലാവീടുകളിലും ഓടിയെത്താനും കാര്യങ്ങൾ അന്വേഷിക്കാനും ബുദ്ധിമുട്ടുന്നവരാണ് പല വനിതകളും. സംവരണനിയമത്തെ ആദരിക്കുന്നു.എങ്കിലും ചില മാറ്റങ്ങൾ നല്ലതാണ്.
വിനോദ് പി.എസ്. പുല്ലാട്ടുതകിയിയിൽ