koodu

ചങ്ങനാശേരി : ഞാലിയകുഴി- ചങ്ങനാശേരി പാതയിലൂടെ കടന്നുപോകുന്നവർക്ക് വഴിയോരത്ത് നിരത്തിവച്ചിരിക്കുന്ന "ആധുനിക' ഒറ്റാൽ കാണാം. കമ്പിയിൽ തീർത്ത്, നീലവല ചുറ്റി കൗതുകമുണർത്തി വഴിയോരത്തിരിക്കുന്ന ഇവ കണ്ടാൽ തോടും പുഴയുമൊന്നും പരിചിതമല്ലാത്തവർക്ക് എന്താണെന്ന് മനസിലായെന്നു വരില്ല. എന്നാൽ മഴ സീസണിൽ മീൻ പിടിക്കുന്നവർക്ക് അറിയാം, അത് വില്പനയ്ക്കായി വച്ചിരിക്കുന്ന മീൻകൂടുകളാണെന്ന്.

പണ്ടൊക്കെ ഇല്ലി കമ്പുകൊണ്ട് നിർമ്മിച്ച ഒറ്റാലാണ് ഉപയോഗിച്ചിരുന്നത്. ഇന്നത് കറേക്കൂടി ഈടുനിൽക്കുന്ന കമ്പിക്കൂടുകളായി മാറി. പല വലുപ്പത്തിലുള്ള കൂടുകൾ ഇവിടെ ലഭ്യമാണ്. വാഹനങ്ങളിൽ കടന്നുപോകുന്നവരും ചങ്ങനാശേരി, കാവാലം, കൈനടി പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് കൂടുകൾ വാങ്ങാനെത്തുന്നത്. സമീപവാസികളും സീസൺ കാലത്ത് കൂടുകൾ വാങ്ങാറുണ്ട്. ജൂൺ, ജൂലായ്, സെപ്റ്റംബർ മാസങ്ങളിലാണ് സീസൺ. ഇത്തവണ കാര്യമായി മഴ പെയ്തില്ലെങ്കിലും കൂടുകൾ വിറ്റുപോകുന്നുണ്ടെന്ന് നിർമ്മാതാക്കളായ പുതുപ്പള്ളി കൊച്ചാലുംമൂട് സ്വദേശി കുഞ്ഞുമോൻ, ബിജുക്കുട്ടൻ, സുനിൽ, ജിബു എന്നിവർ പറഞ്ഞു. പുതുപ്പള്ളിപള്ളി പെരുന്നാൾ സമയത്തും ഊത്തപിടിക്കുന്ന സമയത്തും കൂടുകൾക്ക് ആവശ്യക്കാരേറെയാണ്. ഒടക്കുവലകളും ഇവിടെ കിട്ടും. ഒഴുക്കു കുറഞ്ഞ കായൽപ്രദേശങ്ങൾ, പാടങ്ങൾ, കുളങ്ങൾ, പാറമടകൾ എന്നിവയിൽ ഉപയോഗിക്കാവുന്ന കൂടുകളുമുണ്ട്. കാരി, വരാൽ, പുല്ലാൻ, മഞ്ഞക്കൂരി എന്നിവയാണ് മുഖ്യമായും കൂട് ഉപയോഗിച്ച് പിടിക്കുന്നത്.

നാവണ കെട്ട് പ്രധാനം

പണ്ട് വീടുകളിൽ ഇല്ലി, ഈറ്റ എന്നിവ കൊണ്ട് നിർമ്മിച്ചിരുന്ന കൂടുകൾ ഇപ്പോൾ ആധുനിക രീതിയിലാണ് നിർമ്മിക്കുന്നത്. ഇരുമ്പുകമ്പികൾ കൊണ്ട് നിർമ്മിക്കുമ്പോൾ ഒരു ദിവസം എട്ട്, പത്ത് കൂടോളം നിർമ്മിക്കാം. അതേസമയം ഇല്ലി, ഈറ്റ എന്നിവ കൊണ്ട് നിർമ്മിക്കാൻ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും. പ്ലാസ്റ്റിക്, ഇരുമ്പ് കമ്പിവളയം, വല എന്നിവയാണ് നിർമ്മാണത്തിലെ പ്രധാന വസ്തുക്കൾ. ആദ്യ കാഴ്ച്ചയിൽ കൂട് നിർമ്മാണം വളരെ എളുപ്പമാണെന്നു തോന്നും. കൂട് നിർമ്മാണത്തിൽ ഏറ്റവും പ്രധാന കാര്യം നാവണ കെട്ടാണ്. മീനുകൾ ഇതിലൂടെയാണ് വലയിലാകുന്നത് .

വില 800 രൂപ മുതൽ