house

കോട്ടയം: മഴയെത്തിയില്ല. മൺസൂൺ ടൂറിസം വഴി രക്ഷപ്പെടാമെന്നു സ്വപ്നം കണ്ട കുമരകത്തെ റിസോർട്ട്, ഹൗസ് ബോട്ട് ,ടൂറിസ്റ്റ് ടാക്സി മേഖലയിൽ നിരാശ പടരുന്നു.

പ്രളയം തകർത്തതിന് പിറകേ വന്ന നിപ കഴിഞ്ഞ ടൂറിസം സീസൺ ഇല്ലാതാക്കിയിരുന്നു. ഉഴിച്ചിലിനും പിഴിച്ചിലിനുമായി ഉത്തരേന്ത്യൻ ടൂറിസ്റ്റുകൾ എത്തുമെന്നും കരുതിയവർക്കാണ് മൺസൂൺ വഴിമാറിയതോടെ വൻനഷ്ടമായത്.

തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും വെള്ളമെത്താത്തതിനാൽ വേമ്പനാട്ടുകായലിൽ നിന്ന് പായലും മറ്റ് മാലിന്യങ്ങളും പൂർണമായും ഒഴുകി മാറിയിട്ടില്ല. മഴ ശക്തമായി കിഴക്കൻ വെള്ളം ഒഴുകിയെത്തിയാലേ തോടും പുഴകളും ശുദ്ധമാകൂ. മത്സ്യ സമ്പത്തും വർദ്ധിക്കൂ. ബോട്ടുകൾക്ക് തടസം കൂടാതെ സഞ്ചരിക്കാനാവൂ.

ഇനി പ്രതീക്ഷ കേന്ദ്രത്തിൽ

പുതിയ കേന്ദ്ര ബഡ്ജറ്റിൽ 17 ഐക്കോണിക് ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമായി കണ്ടെത്തിയത് കുമരകത്തെയാണ്. പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെങ്കിലും താജ് മഹലിനും കുത്തബ് മിനാറിനുമൊക്കെയൊപ്പം ചരിത്ര പരവും ഭൂമിശാസ്ത്രപരവുമായ ടൂറിസം കേന്ദ്രമായി കേന്ദ്രസർക്കാർ കുമരകത്തെ ഉയർത്തിക്കാട്ടിയത് ഭാവിയിൽ പ്രയോജനം ചെയ്തേക്കും. നിലവിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് കുമരകത്തിന് പുതിയ മുഖം നൽകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ .

രണ്ടുമാസമായി കുമരകം ടൂറിസം മേഖല തകർച്ചയിലാണ്. 120 ഹൗസ് ബോട്ടുകളുണ്ട്. ആർക്കും കാര്യമായ ഓട്ടമില്ല.ഓട്ടമില്ലെങ്കിലും അറ്റകുറ്റപ്പണി കൃത്യമായി നടത്തണം. ജിവനക്കാർക്ക് മാസം 12500 രൂപ ശമ്പളമായി നൽകണം. ബാറ്റ കൊടുക്കേണ്ടെങ്കിലും നികുതി അടക്കം മറ്റ് ചെലവുകൾക്ക് കുറവില്ല . വായ്പ അടയ്ക്കണം. ഓട്ടമില്ലാതെ എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്ന് എത്തും പിടിയുമില്ല

ഹണി ഗോപാലൻ

ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി സെക്രട്ടറി

ടൂറിസം സീസൺ ഈ വർഷം ഇല്ലായിരുന്നു. അവധിക്കാലവും പ്രതീക്ഷയ്ക്കൊത്ത് ബിസിനസ് വർദ്ധിപ്പിച്ചില്ല. സാമ്പത്തിക പ്രതിസന്ധി ടൂറിസം മേഖലയെ സാരമായി ബാധിച്ചു. നിപ പേടി വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറച്ചു. മൺസൂൺ ടൂറിസം കൂടി പൊളിഞ്ഞത് കുമരകം ടൂറിസം മേഖലയെ തകർക്കും.

സലീം ദാസ്,

(പ്രസിഡന്റ് ചേംബർ ഒഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് )