പാലാ: ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാതയിൽ നിന്ന് കോഴ, വലവൂർ ഭാഗങ്ങളിലേയ്ക്കുള്ള റോഡ് പൂർത്തിയാകുന്നതോടെ പുലിയന്നൂർ
ജംഗഷൻ ഗതാഗത ഹബാകുന്നു. പുലിയന്നൂർ മഹാദേവക്ഷേത്രത്തിന് മുൻപിലൂടെ കടന്നു പോകുന്ന റോഡ് കേന്ദ്ര ഗവൺമെന്റ് ഫണ്ടുപയോഗിച്ച് ബി.എം.ബി.സി. നിലവാരത്തിലാണ് പൂർത്തിയാകുന്നത്. റോഡിന്റെ വീതി കൂട്ടുന്നതിന് ആവശ്യത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായായി വരുകയാണ്. പുലിയന്നൂർ ക്ഷേത്രത്തിന് മുൻപിലൂടെയുള്ള 17 കി.മീ. റോഡ് കിലോമീറ്ററിന് ഒരു കോടി എന്ന നിരക്കിൽ 17
കോടി രൂപ ചെലവഴിച്ചാണ് പണിയുന്നത്. ഇതോടെ ഇവിടെ നിന്നും പാലാ തൊടുപുഴ, പാലാ രാമപുരം ഭാഗങ്ങളിലേക്കും നഗരത്തിലെ തിരക്കൊഴിവാക്കി പോകാൻ സാധിക്കും. വലവൂർ ട്രിപ്പിൾ ഐ.ടി.യുടെ മുൻപിലൂടെ കടന്നു പോകുന്ന റോഡ് ഇവിടേയ്ക്കായി എത്തുന്നവർക്കും ഏറെ പ്രയോജനമാകും. പുലിയന്നൂർ ജംഗ്ഷനിൽ ഇതിനായുള്ള സർവ്വേ നടപടികൾ പൂർത്തിയായി. സർവ്വേ നടപടികളുടെ പ്രാരംഭ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിർവഹിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വെസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, അസി. എഞ്ചിനീയർ മീര , മറ്റു ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.