കടുത്തുരുത്തി: ചുവട് ദ്രവിച്ചു വീഴാറായ വന്മരം അപകട ഭീഷണി ഉയർത്തുന്നു. കടുത്തുരുത്തി എഴുമാന്തുരുത്ത് റേഷൻകടയ്ക്കു സമീപം റോഡരികിലാണ് 100 ഇഞ്ചിലധികം വണ്ണത്തിൽ 30 മീറ്ററോളം ഒറ്റതടിയായി വളർന്ന് നിൽക്കുന്ന മരം സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ കൊടി മരം സ്ഥാപിക്കുന്നതിനായി കുഴിച്ചിട്ട കാലാണ് പിന്നീട് ഈ നാടിന്റെ ഉറക്കം കെടുത്തുന്ന രീതിയിൽ വന്മരമായി വളർന്ന് പന്തലിച്ചത്. അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരത്തിന്റെ സമീപത്ത് തന്നെ നിരവധി വീടുകളും സ്ഥിതി ചെയ്യുന്നത്. ചുവട് ദ്രവിച്ചു തുടങ്ങിയ മരം ഒരു വശത്തേക്കു ചരിഞ്ഞാണ് നിൽക്കുന്നത്. ഇത് സമീപവാസികൾക്കും ഒരുപോലെ അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. നിരവധി വാഹനങ്ങൾ ഇതുവഴി ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. കൂടാതെ, വ്യാപാരസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.11 കെ.വിയുടെ വൈദ്യൂതി ലൈൻ കടന്നു പോകുന്നതും അപകടാവസ്ഥയിലുള്ള മരത്തിന് അടിയിലൂടെയാണ്. മരം വെട്ടി നീക്കി അപകടം ഒഴിവാക്കി തരണമെന്ന ആവശ്യവുമായി സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ പ്രദേശത്തെ 60 ഓളം പേർ ഒപ്പിട്ട നിവേദനം കടുത്തുരുത്തി പഞ്ചായത്തിലും പി.ഡബ്യൂ.ഡി അധികൃതർക്കും നൽകിയിരുന്നു. നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അക്ഷേപമുണ്ട്.