കോട്ടയം: കാലങ്ങളായി നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് സ്കൂൾതലം മുതലുള്ള കായികമേളകൾ ബഹിഷ്കരിച്ച് ചട്ടപ്പടി സമരം നടത്താൻ സംസ്ഥാനത്തെ കായിക അദ്ധ്യാപക സംഘടനകളുടെ തീരുമാനം. ഇതിനുമുന്നോടിയായി ഇന്ന് ജില്ലാതലത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കോട്ടയത്ത് നടക്കുന്ന സമരം പ്രമുഖ കായികാദ്ധ്യാപകൻ കെ.പി. തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർലി ജേക്കബ്, ഡോ. സണ്ണി സഖറിയ, ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.വി. ദേവസ്യ, സംസ്ഥാന കായികാദ്ധ്യാപക സംഘടന പ്രസിഡന്റ് ജോസിറ്റ് ജോൺ തുടങ്ങിയവർ പങ്കെടുക്കും.
ആവശ്യങ്ങൾ
► ആറ് മാസത്തിനകം പ്രശ്നപരിഹാരമെന്ന ഡയറക്ടറുടെ ഉറപ്പ് പാലിക്കണം
► ഹൈസ്കൂൾ,ഹയർസെക്കൻഡറി കായികഅദ്ധ്യാപകർക്ക് തുല്യ പദവി വേണം
► ഹൈസ്കൂളിൽ തുല്യജോലിക്ക് തുല്യ ശമ്പള സ്കെയിൽ അനുവദിക്കണം.
► പീരീയഡ് കണക്കാക്കി എച്ച്.എസ്. വിഭാഗത്തിൽ തസ്തിക അനുവദിക്കണം.
► ഹയർസെക്കൻഡറിയിൽ പ്രമോഷനും ശമ്പള സ്കെയിലും അനുവദിക്കണം.
► യു.പിയിലും ജോലിചെയ്യുന്ന ഹൈസ്കൂൾ അദ്ധ്യാപകരാേട് വിവേചനം പാടില്ല.