പാലാ: പൂവരണി മൂലേത്തുണ്ടി റോഡ് നന്നാക്കാൻ സർക്കാർ 20 ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം (പാലാ) അധികാരികൾ അറിയിച്ചു. 'ലക്ഷങ്ങൾ അനുവദിച്ച റോഡിന്റെ ഒരു കോലമേ ' എന്ന തലക്കെട്ടിൽ 'കേരള കൗമുദി ' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ് അധികാരികൾ എത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് തുക അനുവദിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ അന്ന് ടെൻഡർ ചെയ്യാൻ പറ്റിയില്ല. ചട്ടം മാറിയ ശേഷം ടെൻഡർ ചെയ്‌തെങ്കിലും പണി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല. പിന്നീട് ഒരു കരാറുകാരനെക്കൊണ്ട് നിർബന്ധിച്ചാണ് ടെൻ‌ഡർ എടുപ്പിച്ചത്.

എന്നാൽ പി.ഡബ്ല്യു.ഡി. റോഡ് വർക്കുകൾക്ക് ഡ്രം മിക്‌സ് യൂണിറ്റിൽ നിന്നുള്ള മിശ്രിതമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. പൂവരണി മൂലേത്തുണ്ടി റോഡ് പണി ഏറ്റെടുത്ത കരാറുകാരന്റെ ഡ്രം മിക്‌സ് യൂണിറ്റ് കരൂർ പഞ്ചായത്തിലെ അന്ത്യാളത്താണ്. ജനകീയ സമരം വന്നതിനെ തുടർന്ന് കരൂർ പഞ്ചായത്ത് അധികാരികൾ ഈ മിക്‌സിംഗ് യൂണിറ്റിന്റെ പ്രവർത്തനം തടഞ്ഞിരിക്കുകയാണിപ്പോൾ. ഇതു മൂലമാണ് മൂലേത്തുണ്ടി റോഡ് പണി വൈകുന്നതെന്ന് പി. ഡബ്ലു.ഡി റോഡ്‌സ് വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടൂന്നു. ഡ്രം മിക്‌സിംഗ് യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കാതെ തങ്ങൾക്കോ, കരാറുകാരനോ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ജനപ്രതിനിധികൾ അടിയന്തിരമായി ഇടപെട്ട് ഡ്രം മിക്‌സിംഗ് യൂണിറ്റുകളുടെ പ്രവർത്തനം പുനരാരംഭിച്ചില്ലെങ്കിൽ മീനച്ചിൽ താലൂക്കിലെ പല റോഡുകളുടെയും പണികൾ മുടങ്ങുമെന്ന സ്ഥിതിയാണുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു.