ചങ്ങനാശേരി: നഗരസഭയുടെ കീഴിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പിനുള്ള അനുവാദം ജനാധിപത്യ മഹിളാ അസോസിയേഷന് വീണ്ടും നൽകുന്നത് സംബന്ധിച്ചുള്ള വിവാദം ചർച്ച ചെയ്യുന്നതിനായി കൂടിയ യോഗത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഭരണപക്ഷത്തുനിന്നുള്ള കൗൺസിലർമാർ ഹോസ്റ്റൽ വിഷയത്തിൽ നഗരസഭയ്ക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായി ആരോപിച്ച് കൗൺസിൽ യോഗത്തിൽ വോട്ടിംഗ് ആവശ്യപ്പെട്ടെങ്കിലും അജണ്ട പാസായി മൂന്നു മാസം കഴിഞ്ഞേ വീണ്ടും ചർച്ചയ്ക്ക് എടുക്കുവാൻ കഴിയൂ എന്ന ചട്ടമുള്ളതിനാലും ഡയറക്ടർക്ക് പരാതി കൊടുത്തതിനാലും ഈ അജണ്ട തള്ളിയതായി പ്രഖ്യാപിച്ച് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഇറങ്ങിപ്പോയെന്നാണ് ആക്ഷേപം. തുടർന്ന് വൈസ് ചെയർപേഴ്സൺ അംബികാ വിജയന്റെ നേതൃത്വത്തിൽ കൗൺസിൽ യോഗം തുടർന്ന് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നടത്തിപ്പിന് പാസാക്കിയ അജണ്ട റദ്ദാക്കിയതായി അറിയിച്ച് യോഗം പിരിഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വിശദീകരണം പോലും നൽകാതെയാണ് ചെയർമാൻ അജണ്ട പാസാക്കിയതെന്ന് അംബികാ വിജയൻ അഭിപ്രായപ്പെട്ടു. ചർച്ചയ്ക്ക് തുടക്കമിട്ട സിബി തോമസ് ടെൻഡർ നടപടികൾ സ്വീകരിച്ചു കൊണ്ട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ വരുമാന ചോർച്ചയാണ് നഗരസഭയ്ക്കു വന്നിട്ടുള്ളതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറായ എൻ.പി കൃഷ്ണകുമാർ പറഞ്ഞു. യോഗത്തിൽ ഭരണകക്ഷി അംഗങ്ങളും യു.ഡി.എഫ് കൗൺസിലർമാരുമായ സുമാഷൈൻ, ഷൈനി ഷാജി, അന്നമ്മ എബ്രഹാം, ഡാനി തോമസ്, ത്രേസ്യാമ്മ ജോസഫ്, ഷംന ഷിയാദ് തുടങ്ങിയവർ ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പിലിന്റെ നിലപാടിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ചെയർമാൻ അജണ്ട ഏകപക്ഷീയമായി പാസാക്കിയെന്ന് ആരോപിച്ച് ഭരണകക്ഷിയിലെ 16 പേർ പ്രത്യേക കൗൺസിൽ ചേരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൗൺസിൽ യോഗം ചേർന്നത്.