കോട്ടയം: ടാപ്പിംഗ് മുടങ്ങിക്കിടക്കുന്ന തോട്ടങ്ങൾ ഉടമയ്ക്ക് റബർബോർഡ് കമ്പനികളെയോ, റബ്ബറുത്പാദകസംഘങ്ങളേയോ താൽക്കാലികമായി ഏൽപ്പിക്കാം. പരിപാലന ചെലവു കഴിച്ചുള്ള തുക ഉടമയ്ക്ക് നൽകും.
റബറിന്റെ വില കുറയുകയും കൃഷിച്ചെലവ് കൂടുകയും ടാപ്പർമാർ കുറയുകയും ചെയ്യുന്നതിനാൽ പലയിടങ്ങളിലും ടാപ്പിംഗ് മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ പദ്ധതി. ഉടമസ്ഥർ സ്ഥലത്തില്ലാത്തതിനാലും ചില തോട്ടങ്ങൾ ടാപ്പുചെയ്യുന്നില്ല. ഇതുമൂലം കാര്യമായ ഉത്പാദനനഷ്ടം ഉണ്ടാകുന്നുണ്ട്.
റബറിന്റെ പരിപാലനം, വിളവെടുപ്പ്, സംസ്‌കരണം, വിപണനം തുടങ്ങിയവയിലെ ചെലവുകൾ കുറയ്ക്കുന്നതിന് ചെറുകിടകർഷകർക്ക് പരിമിതികളുണ്ട്. എന്നാൽ, ചെലവു കുറച്ച് കൃഷി ലാഭകരമാക്കാൻ റബർബോർഡ് കമ്പനികളുടെ ഇടപെടൽ സഹായിക്കും. അടിസ്ഥാന സൗകര്യങ്ങളുള്ള റബറുത്പാദക സംഘങ്ങൾക്കും തോട്ടങ്ങൾ ഏറ്റെടുക്കാൻ കഴിയും.
കമ്പനികളുമായി കർഷകർക്ക് ഇതു സംബന്ധിച്ച് വ്യവസ്ഥ ഉണ്ടാക്കാം. വളർച്ചയെത്തിയ മരങ്ങളാണെങ്കിൽ കമ്പനിയുടെ മേൽനോട്ടത്തിൽ ടാപ്പിംഗും വിപണനവും നടത്തുകയും ചെലവു കഴിച്ച് ബാക്കി കർഷകർക്ക് നൽകുകയും ചെയ്യും. റബർകൃഷിയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഇതേ രീതിയിൽതന്നെയായിരിക്കും ഏറ്റെടുക്കുക. ഈ പരിപാടിയെക്കുറിച്ചും അതിന് തയ്യാറുള്ള കമ്പനികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ബോർഡിന്റെ റീജിയണൽ ഓഫീസുകളിൽ ലഭിക്കും.
ലക്ഷ്യം
1. പരിപാലനത്തിനും വിളവെടുപ്പിനും കൂട്ടായ സംവിധാനം ഒരുക്കി ചെലവു കുറച്ച് ഉത്പാദനം കൂട്ടുക
2. ആഭ്യന്തരോത്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക.