കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് രഹിത കാഞ്ഞിരപ്പള്ളി പദ്ധതിയിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പ്രഥമാദ്ധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ച് അവലോകനയോഗം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയായി. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് പദ്ധതി സ്‌കൂളുകളിൽ നടപ്പാക്കും. നേരത്തെ ഹരിതകേരളമിഷൻ ചെയർപേഴ്‌സൺ ടി.എൻ സീമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഒന്നാം ഘട്ട അവലോകനയോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. പ്ലാസ്റ്റിക് കാരിബാഗുകൾക്കുപകരം കുടുംബശ്രീവഴി തുണിസഞ്ചി നിർമ്മിച്ചു നൽകും ഇതിനായി തയ്യൽക്കടകളിൽ ബാക്കിവരുന്ന തുണ്ടുതുണികൾ വീടുകളിൽനിന്നും ശേഖരിക്കുന്ന വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കും.പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക,23 വാർഡുകളിലും പ്രകൃതി സംരക്ഷണസേന,മാലിന്യനിക്ഷേപകരുടെ വിവരങ്ങൾ നൽകാൻ വാട്‌സ്ആപ്പ് നമ്പർ തുടങ്ങിയ പദ്ധതികളും നടപ്പാക്കും.

 പ്രധാന തീരുമാനങ്ങൾ

 പേപ്പർപേനകൾ തുണിസഞ്ചി എന്നിവ സ്‌കൂളുകളിൽ നിർമ്മിച്ച് ഉപയോഗിക്കും.

 ഇതുവരെ ഉപയോഗിച്ച പേനകളും പ്ലാസ്റ്റിക് സാധനങ്ങളും ശേഖരിച്ച് പുനരുപയോഗത്തിനു നൽകും

 പരിസ്ഥിതി ക്ലബ്ബിന്റെ പാഠ്യപദ്ധതിയിൽ മാലിന്യനിർമ്മാർജ്ജനം വിഷയമായി ഉൾപ്പെടുത്തും

 പച്ചക്കറികൃഷി,ഹരിതകേരളം മിഷൻ പച്ചത്തുരുത്ത്പദ്ധതി എന്നിവ സ്‌കൂളുകളിൽ നടപ്പാക്കും

 പ്രകൃതിയെ അടിസ്ഥാനവിഷയമാക്കി ഹരിതകലോത്സവം സംഘടിപ്പിക്കും
 ചിറ്റാർപുഴ സംരക്ഷണപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കും