മണിമല: കുടുംബവഴക്കിനെ തുടർന്ന് മദ്യക്കുപ്പി ശരീരത്തിൽ കെട്ടിവച്ച് ഭാര്യയെ തീകൊളുത്തി കൊന്ന വിമുക്തഭടൻ അറസ്റ്റിൽ. ചാരുവേലി കാവുങ്കൽ ശോശാമ്മയാണ് (79) മരിച്ചത്. സാരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് വറുഗീസിന്റെ (83) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം.
വീട്ടു വഴക്കിനെ തുടർന്ന് ശോശാമ്മയും വറുഗീസും തമ്മിൽ ബഹളം പതിവായിരുന്നു. മണിമല പൊലീസ് ഇതുസംബന്ധിച്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ നോക്കിയപ്പോഴാണ് പൊള്ളലേറ്റ് അവശ നിലയിൽ ശോശാമ്മ മുറിയിൽ കിടക്കുന്നത് കണ്ടത്. സമീപത്തായി കൈയ്ക്ക് പൊള്ളലേറ്റ നിലയിൽ വറുഗീസുമുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ ശോശാമ്മ മരിച്ചു. മകളുടെ വീട്ടിൽ പോകാനായി വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ വറുഗീസ് പിന്നാലെ എത്തി മദ്യക്കുപ്പി തുറന്ന് ശോശാമ്മയുടെ ശരീരത്തിൽ സാരികൊണ്ട് ചേർത്ത് കെട്ടി. തുടർന്ന് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്താൻ എത്തിയെങ്കിലും കഴിഞ്ഞില്ല. ലൂയി, നിതിൻ, ജൂലി എന്നിവരാണ് മക്കൾ. മരുമക്കൾ: ലിജി, ബിനു, ബിജി. സംസ്കാരം പിന്നീട്.