അടിമാലി.: വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അടിമാലി സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടു ചന്ത ആരംഭിച്ചു. അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന് എതിർവശത്തായി ആരംഭിച്ച നാട്ടു ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിർവ്വഹിച്ചു.മേഖലയിലെ വിവിധ അയൽക്കൂട്ടങ്ങൾ ഉദ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ശേഖരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം.കുടുംബശ്രീ ജില്ലാമിഷനിൽ നിന്നും നൽകിയിട്ടുള്ള എഴുപത്തയ്യായിരം രൂപയും റിവോളിംഗ് ഫണ്ടായി ലഭിച്ച ഇരുപതിനായിരം രൂപയും ചേർത്താണ് ചന്തയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.അടിമാലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി വർഗ്ഗീസ്, സിഡിഎസ് ചെയർപേഴ്‌സൺ സൂസൻ ജോസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആർ ശ്രീപ്രിയ തുടങ്ങിയവർ പങ്കെടുത്തു.