h

പാലാ: പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ന്യായവില ഭക്ഷണ ശാലയിൽ ഉച്ചഭക്ഷണത്തിന് 5 രൂപ വർധിപ്പിച്ചു. 20 രൂപയ്ക്ക് നൽകിവന്നിരുന്ന ഉച്ചയൂണിന് 25 ആയാണ് വർധിപ്പിച്ചത്. എന്നാൽ കൈയിലൊതുങ്ങാത്ത ഹോട്ടൽഭക്ഷണവിലയെ പരിഗണിക്കുമ്പോൾ 25 അല്ല, 30 ആക്കിയാലും പ്രശ്‌നമില്ലെന്നാണ് സ്ഥിരം ഉപഭോക്താക്കളുടെ മറുപടി.

2015ലാണ് പാലാ കിഴതടിയൂർ ബാങ്ക് ലാബിന് എതിർവശത്തായി ന്യായവില ഭക്ഷണവിതരണം ആരംഭിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയിൽ കുടുംബശ്രീയാണ് ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നത്. 4 വർഷത്തിനിടെ ആദ്യമായാണ് ഉച്ചഭക്ഷണത്തിന് വിലവർധിപ്പിക്കുന്നത്. പൊതുവിപണിയിൽ സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്നാണ് 5 രൂപ അധികമായി വാങ്ങാൻ തീരുമാനമായത്.

സാധാരണക്കാർക്ക് ഏറെ പ്രയോജകരമായ സംരംഭമാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു.

പല സ്വകാര്യഹോട്ടലുകൾ ജനങ്ങളെ പിഴിയുമ്പോൾ ഏറെ അനുഗ്രഹമാണ് ന്യാവില ഭക്ഷണശാലയെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഭക്ഷണവിതരണം. ഒരേസമയം 40 പേർക്ക് ഇരുന്നുകഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വെജിറ്റേറിയൻ ഊണാണ് നൽകുന്നത്. നഗരസഭാ വർക്കിംഗ് വിമൻസ് ഹോസ്റ്റിലിൽ തയാറാക്കിയ ഭക്ഷണം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇവിടെ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.

ഉച്ചഭക്ഷണം ജനപ്രീതി നേടിയതോടെ കഴിഞ്ഞവർഷം നവംബറിൽ പ്രഭാതഭക്ഷണവിതരണവും ആരംഭിച്ചിരുന്നു. 5 രൂപയ്ക്ക് ഇഡ്ഢലിയും സാമ്പാറുമാണ് പ്രഭാതഭക്ഷണം.