കറുകച്ചാൽ : ഓടുന്നതിനിടെ ഒമ്‌നി വാനിനു തീപിടിച്ചു. ആർക്കും പരിക്കില്ല. ചങ്ങനാശേരി വാഴൂർ റോഡിൽ കറുകച്ചാൽ ബസ് സ്റ്റാൻഡിനു മുൻവശത്ത് ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാന്തുരുത്തി സ്വദേശി ജോർജ് ജോസഫിന്റെ വാനിനാണ് തീപിടിച്ചത്. ചങ്ങനാശേരിയിൽ നിന്നും കറുകച്ചാലിലേക്കു വരുമ്പോഴായിരുന്നു സംഭവം. വാനിന്റെ മുൻവശത്തു നിന്നു പുകയും തീയും ഉയരുന്നത് കണ്ട് ഉടൻ തന്നെ വാഹനം നിറുത്തുകയും നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ചു തീ കെടുത്തുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.