ഇടുക്കി: രാജ്കുമാറിന്റെ ഉരുട്ടിക്കൊലക്കേസിൽ സർക്കാരിനെ പ്രതികൂട്ടിലാക്കി ഭരണകക്ഷിയായ സി.പി.ഐ പ്രത്യക്ഷ സമരത്തിന്. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. കസ്റ്റഡി മരണത്തെ കടുത്ത ഭാഷയിൽ നേരത്തെ വിമർശിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് തുറന്നസമരത്തിലേക്ക് സി.പി.ഐ നീങ്ങുന്നത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും എസ്.പിയെ സ്ഥലം മാറ്റുകയും ചെയ്തതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നിലപാട് മയപ്പെടുത്തിയിരുന്നു.
എന്നാൽ എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൊലക്കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് സി.പി.ഐ മുന്നോട്ടുപോകുന്നത്. നേരത്തെ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കൈയേറ്റ വിഷയത്തിൽ എന്നപോലെ കസ്റ്റഡിമരണക്കേസിലും ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാട്. സി.പി.ഐ നിലപാട് സർക്കാരിനെ സമ്മർദ്ദത്തിലാക്കുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, ഇടുക്കി ജില്ലയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ നിലനിൽക്കുന്ന ചേരിപ്പോര് കൂടുതൽ രൂക്ഷമാകാനും ഇത് ഇടയാക്കും.
അതേസമയം, ന്യൂനപക്ഷ കമ്മിഷനും കേസിൽ ഇടപെടുകയാണ്. കമ്മിഷൻ വൈസ് ചെയർമാൻ ഇന്ന് കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട് സന്ദർശിക്കും. വിഷയത്തിൽ കമ്മിഷൻ സ്വമേധയ കേസെടുക്കുമെന്നും സൂചനയുണ്ട്.
പൊലീസുകാരി ഉൾപ്പെടെ
നാലു പേർകൂടി അറസ്റ്റിലാവും
നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ പൊലീസുകാരി ഉൾപ്പെടെ നാലു പേർ കൂടി അറസ്റ്റിലാകുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് കേസ് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. സസ്പെൻഷനിലായ നാലു പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.
ഹരിത ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ശാലിനിയെ മർദ്ദിച്ച കേസിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിക്കെതിരെ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുത്ത് വീണ്ടും ചോദ്യം ചെയ്യും. രഹസ്യഭാഗത്ത് കന്താരി അരിച്ച് തേച്ചതായും മർദ്ദിച്ച് അവശയാക്കിയതായും ശാലിനി ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിരുന്നു. ഇന്ന് നെടുങ്കണ്ടത്തെ താത്ക്കാലിക ഓഫീസിൽ രാവിലെ എത്താൻ ശാലിനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാലിനിയുടെ മൊഴി ക്രൈംബ്രാഞ്ച് പൂർണമായും വിശ്വസിച്ചിട്ടില്ലെങ്കിലും ഇന്നത്തെ ചോദ്യം ചെയ്യലോടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നത്. ശാലിനി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞാൽ പൊലീസുകാരിക്കെതിരെ ഇന്നുതന്നെ കേസ് രജിസ്റ്റർ ചെയ്യും.
ഫോൺ ചോർത്തലിന്
പിന്നിൽ മുൻ എസ്.പിയോ?
രാജ്കുമാറിന്റെ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ഫോൺ ചോർത്തി. ഇതേക്കുറിച്ച് ഇന്റലിജൻസ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിന്റെ രഹസ്യ നിർദ്ദേശപ്രകാരം ഇടുക്കി സൈബർ സെല്ലിലെ ഒരു ഉദ്യോഗസ്ഥനാണ് ഫോൺ ചോർത്തിയതെന്ന് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിലെ ഏതാനും ചില ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ കോളുകളാണ് ഇത്തരത്തിൽ ചോർത്തിയത്.
കഴിഞ്ഞ 12 മുതൽ 16 വരെ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതോടെയാണ് ഫോൺ ചോർത്തൽ നടന്നതായി ക്രൈംബ്രാഞ്ചിന് സംശയം ഉയർന്നത്. ഇത് അതീവ ഗൗരവത്തോടെയാണ് ക്രൈംബ്രാഞ്ച് കാണുന്നത്. ക്രൈംബ്രാഞ്ചിന്റെ നീക്കം നേരത്തെ അറിയാൻ ഇത് എസ്.പിക്ക് സഹായകമായിയെന്നാണ് അറിയുന്നത്. . ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.