കോട്ടയം: ആർമി ഓഫീസർ ചമഞ്ഞ് ഏറ്റുമാനൂരിലെ ഹോട്ടൽ ഉടമയിൽ നിന്ന് 15,000 രൂപ തട്ടിയെടുത്തയാൾ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ്. ഏറ്റുമാനൂർ തവളക്കുഴി അച്ചായൻസ് ഗ്രിൽ ചിക്കൻസ് ഉടമ കടുത്തുരുത്തി കടമ്പൻകുഴി പൗലോസിനാണ് പണം നഷ്ടമായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് വിക്രം എന്നയാൾ പൗലോസിനെ മൊബൈൽ ഫോണിൽ വിളിച്ചത്. താൻ ആർമി ഓഫീസറാണെന്നും വിക്രം എന്നാണ് പേരെന്നും ഹിന്ദിയിൽ പറഞ്ഞു. ഏറ്റുമാനൂരിൽ നടക്കുന്ന ക്യാമ്പിൽ 20 പേർക്കുള്ള ഭക്ഷണം രാത്രി ഒൻപതു മണിയോടെ എത്തിക്കണമെന്നതായിരുന്നു ആവശ്യം. ചപ്പാത്തി, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് എന്നിവയാണ് ഓർഡർ ചെയ്തത്. ബിൽ തുക ഓൺലൈനായി നൽകാമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി എ.ടി.എം കാർഡിന്റെ ചിത്രം വാട്സ് ആപ്പിൽ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു.

ആർമി ഓഫീസറാണെന്ന് തെളിയിക്കാനായി ലിക്വർ കാർഡിന്റെ ചിത്രം തിരിച്ചിട്ടുകൊടുക്കുകയും ചെയ്തു.

എ.ടി.എം കാർഡിന്റെ ചിത്രവും അയച്ചുകൊടുത്തതിനെത്തുടർന്ന് മൊബൈലിൽ വന്ന ഒ.പി.ടി നമ്പർ പൗലോസ് വാട്ട്സ് ആപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനിടെ, പണം എടുക്കാൻ കഴിയുന്നില്ലെന്നും മറ്റേതെങ്കിലും എ.ടി.എം കാർഡ് ഉണ്ടോയെന്നും ചോദിച്ചുകൊണ്ട് വീണ്ടും വിളിവന്നു. സംശയം തോന്നിയ പൗലോസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. അക്കൗണ്ടിൽ നിന്ന് ഇതിനകം15151 രൂപ പിൻവലിച്ചിരിക്കുന്നു.

ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഇതിനിടെ വിക്രം വീണ്ടും വിളിച്ച് വേറെ ബാങ്കിലെ എ.ടി.എം കാർഡ് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഫോൺ എടുത്തത് പൊലീസായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ പൗലോസ് സൈബർ സെല്ലിന്റെ സഹായം തേടി. സ്ഥിരമായി തട്ടിപ്പ് നടത്തുന്ന ആളുടെ കോളാണ് വന്നതെന്ന് സൈബർ സെൽ കണ്ടെത്തി. തൃശൂർ സ്വദേശിയുടെ സിമ്മിൽ നിന്നാണ് കോൾ വന്നത്. പക്ഷേ, ഈ ഫോൺ മോഷ്ടിക്കപ്പെട്ടതാണോയെന്ന് പൊലീസ് സംശയിക്കുന്നു. ഏറ്റുമാനൂരിൽ തട്ടിപ്പ് നടത്തിയദിവസം തന്നെ കിടങ്ങൂരിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കിടങ്ങൂർ സ്വദേശിക്ക് എത്ര പണം നഷ്ടമായതെന്ന് അറിവായിട്ടില്ല. എന്തായാലും തട്ടിപ്പുകാരനെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ അറസ്റ്റിലാവുമെന്നാണ് അറിയുന്നത്.