കോട്ടയം: സംസ്ഥാനത്ത് ടാപ്പിംഗ് നിലച്ച റബർ തോട്ടങ്ങൾ റബർ ബോർഡ് ഏറ്റെടുക്കുന്നു. റബർ ഉത്‌പാദനം കൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനുമുള്ള കർമ്മ പദ്ധതിയുടെ ഭാഗമായാണിത്. കർഷകർക്കും വ്യവസായികൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന വിധം പദ്ധതി നടപ്പാക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്‌ഥാനത്ത് തോട്ട വിസ്തൃതി വർദ്ധിച്ചെങ്കിലും ഉത്‌പാദനം കൂടിയിട്ടില്ല. എന്നാൽ, ഇറക്കുമതി കുത്തനെ കൂടുകയും ചെയ്‌ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
വിലത്തകർച്ച, ഉയർന്ന ഉത്‌പാദനച്ചെലവ്, ടാപ്പർമാരുടെ ദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ സംസ്‌ഥാനത്ത് രണ്ടുലക്ഷത്തോളം ഹെക്‌ടർ തോട്ടങ്ങളിൽ ഉത്‌പാദനം നടക്കുന്നില്ല. കഴിഞ്ഞവർഷം ആകെ ഉത്‌പാദനം 40 ശതമാനം ഇടിഞ്ഞു. വ്യവസായികൾ റബർ ഇറക്കുതി കൂട്ടാനും നിർബന്ധിതരായി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന റബർ കൃഷി കൂടുതൽ തളരുന്നത് ഒഴിവാക്കാനാണ് റബർ ബോർഡ് ശ്രമിക്കുന്നത്.
ഏറ്റെടുക്കുന്ന തോട്ടങ്ങളിൽ വളർച്ചയെത്തിയ മരങ്ങളാണെങ്കിൽ ടാപ്പിംഗും വില്‌പനയും നടത്തിയ ശേഷം, ഉത്‌പാദനച്ചെലവ് കഴിച്ചുള്ള തുക കർഷകന് നൽകും. റബർകൃഷിയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഇതേ രീതിയിൽ ഏറ്റെടുക്കും. ഒരു ഹെക്‌ടറിൽ താഴെയുള്ള ചെറുകിട കർഷകർക്കും പദ്ധതിയിൽ ചേരാം. വൻകിട തോട്ടങ്ങളും എസ്‌റ്റേറ്റുകളും ഏറ്റെടുക്കില്ല.
ലക്ഷ്യം
ചെലവു പരമാവധി ചുരുക്കി ഉത്പാദനം കൂട്ടുക.
ഇറക്കുമതി കുറയ്ക്കാനുള്ള സാഹചര്യം ഒരുക്കുക.
''നിലവിലെ സാഹചര്യത്തിൽ റബറിന്റെ പരിപാലനം, വിളവെടുപ്പ്, സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിൽ ചെലവ് കുറയ്ക്കാൻ ചെറുകിട കർഷകർക്ക് പരിമിതികളുണ്ട്. എന്നാൽ, ചെലവു കുറച്ച് കൃഷി ലാഭകരമാക്കാൻ റബർ ബോർഡ് കമ്പനികളുടെ ഇടപെടൽ സഹായിക്കും. തിരുവനന്തപുരം മുതൽ കാഞ്ഞങ്ങാട് വരെ ബോർഡിന് കീഴിൽ 16 കമ്പനികളുണ്ട്. റബർ ഉത്പാദക സംഘങ്ങൾക്കും കർഷകരെ സഹായിക്കാനാകും"
സതീഷ് ചന്ദ്രൻ,
(ഡെപ്യൂട്ടി ഡയറക്ടർ, റബർബോർഡ്)
കേരളത്തിൽ കൃഷി
മൊത്തം വിസ്‌തൃതി : 6,40,000 ഹെക്‌ടർ
ടാപ്പിംഗ് നടക്കുന്നത് : 4,48,000 ഹെക്‌ടറിൽ
12.11 ലക്ഷം ടൺ
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) രാജ്യത്തെ റബർ ഉപഭോഗം
6.48 ലക്ഷം ടൺ
കഴിഞ്ഞവർഷത്തെ ആഭ്യന്തര ഉത്‌പാദനം
5.82 ലക്ഷം ടൺ
കഴിഞ്ഞവർഷത്തെ റബർ ഇറക്കുമതി