കോട്ടയം: മറ്റു ജില്ലകളിലെ റീസർവേ നടപടികൾ ഇഴയുമ്പോൾ ശരവേഗത്തിലുള്ള പ്രവർത്തനവുമായി കോട്ടയം. അഞ്ച് താലൂക്കുകളിൽ വൈക്കത്ത് മാത്രമേ റീസർവേ പൂർത്തിയാകാനുള്ളൂ. 100 വില്ലേജുകളിൽ 87ലും പൂർത്തിയായി. 18 വില്ലേജുകളുള്ള വൈക്കം താലൂക്കിൽ 13 ഇടങ്ങളിലാണ് ഇനി പൂർത്തിയാകാനുള്ളത്. മലപ്പുറം,​ തിരുവനന്തപുരം,​ എറണാകുളം ജില്ലകളിൽ അകാരണമായി റീസർവേ നിറുത്തിവച്ചപ്പോഴാണ് ഒരു വർഷത്തിനകം റിസീർവേ പൂർത്തിയാക്കുമെന്ന റവന്യൂ മന്ത്രിയുടെ വാക്ക് കോട്ടയത്ത് പാലിക്കപ്പെടുന്നത്. ഇനംമാറ്റം, സർവേ മാറ്റം, ഉടമയുടെ പേര് മാറ്റം, അളവിൽ കുറവ് തുടങ്ങിയ കാര്യങ്ങളിലെ പരാതികൾകൂടിയാണ് റീസർവേ പൂർത്തിയാകുമ്പോൾ പരിഹരിക്കപ്പെടുക.

തുടക്കത്തിൽ സർവേ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോയെങ്കിലും പിന്നീട് ഇഴഞ്ഞു നീങ്ങി. വ്യാപക പരാതികളെ തുടർന്ന് 2012ൽ നിറുത്തിവച്ച സർവേയ്ക്ക് 2018ൽ വീണ്ടും തുടക്കമായി. റീസർവേ പൂർത്തിയായ കാലയളവിലെ മാപ്പുകൾ www.erekha.kerala.gov.in എന്ന വെബ് പോർട്ടലിൽ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഓൺലൈൻ മുഖേന പണമടച്ച് ഇവ കൈപ്പറ്റാം. റീസർവേ പൂർത്തിയാക്കിയ ഇടങ്ങളിലെ റിക്കാർഡുകൾ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.

100ൽ 87

(താലൂക്ക്, ആകെ വില്ലേജുകൾ, സർവേ പൂർത്തിയായവ)
ചങ്ങനാശേരി: 15 - 15
കോട്ടയം: 26- 26
പാലാ: 28-28
കാഞ്ഞിരപ്പള്ളി: 13-13

വൈക്കം: 18-5

വൈക്കത്ത് പൂർത്തിയായവ

മുളക്കുളം, കടുത്തുരുത്തി, മാഞ്ഞൂർ, ഞീഴൂർ, കോതനല്ലൂർ

'' റീസർവേ പുരോഗമിക്കുകയാണ്. വൈകാതെ സമ്പൂർണ റീ സർവേ പൂർത്തിയായ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിക്കും''

ജില്ലാ സർവേ സൂപ്രണ്ട് ഓഫീസ്

ഗുണമേറെ

 കോട്ടയം സമ്പൂർണ റീസർവേയിലേയ്ക്ക്

 100 വില്ലേജുകളിൽ 87ഉം പൂർത്തിയായി

 ഭൂമി പ്രശ്നങ്ങൾക്ക് പരാതിക്ക് പരിഹാരം

 റീസർവേ മാപ്പുകൾ വെബ്സൈറ്റിൽ