കോട്ടയം: മൂക്കുപൊത്തും, പിന്നെ മനംപുരട്ടും, ഇത് എന്തൊരു ദുരിതം. നടുറോഡിലൂടെ മൂക്കുപൊത്തി നടന്നുപോകുന്നവർ ഒന്നും രണ്ടുമല്ല ഒരായിരം വരും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുകൂടി ചന്തക്കടവിലേയ്ക്കിറങ്ങുന്ന

തീയേറ്റർ റോഡിലെ നൂറ് മീറ്റർ പിന്നിടാൻ യാത്രക്കാർക്ക് ജീവിതത്തെ തന്നെ വെറുക്കേണ്ടിവരും.

മനുഷ്യ വിസർജ്യം മുതൽ മാലിന്യം വരെ റോഡിലുണ്ട്. ഒരുവശത്ത് വൃത്തിഹീനമായ ഓട. ഒപ്പം അസഹ്യമായ ദുർഗന്ധം. ഒരു മഴ പെയ്താൽ റോഡിൽ ആരുമൊന്ന് കാലുകുത്താൻ അറയ്ക്കും. നിരന്നൊഴുകും മാലിന്യം. ഏതു കാലത്തും റോഡ് വൃത്തിഹീനമാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഉൾപ്പെടെ തീയേറ്റർ റോഡിലെ ഓടയിലൂടെയാണ് മാലിന്യം പുറംതള്ളുന്നത്. ഇത് എം.എൽ റോഡിലെ ഓടയിലൂടെയാണ് ചന്തക്കടവിലേക്ക് എത്തുന്നത്. എന്നാൽ എം.എൽ റോഡിലെ ഓട പല സ്ഥലങ്ങളിലും അടഞ്ഞ അവസ്ഥയിലാണ്. ഇത് കാരണം തീയേറ്റർ റോഡിലെ ഓടയിലൂടെ എത്തുന്ന മാലിന്യം മഴയിൽ എം.എൽ റോഡിലേക്കും പരക്കുകയാണ്.

ഇവിടെയും അവസ്ഥ സമാനം

കടുത്ത ദുർഗന്ധം കാരണം യാത്രക്കാരിൽ നല്ലൊരു ശതമാനവും തീയേറ്റർ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ്. ഇവർ പി.ഡബ്ലി.യു.ഡി ഓഫീസിന് സമീപത്തെ ഇടറോഡിലൂടെയാണ് ചന്തക്കടവിലും എം.എൽ റോഡിലും എത്തുന്നത്. സമീപകാലത്ത് ഈ ഇടറോഡിലെ ഓട നഗരസഭ വൃത്തിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വഴിയും വൃത്തിഹീനമായി മാറുകയാണ്. ഇവിടെയും രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ മലമൂത്ര വിസർജ്യം നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും നടുറോഡിൽ മാലിന്യം തള്ളുന്നതും പതിവാണ്.

സാമൂഹ്യവിരുദ്ധരുടെ താവളം

മാലിന്യം ഉയർത്തുന്ന ദുരിതങ്ങൾക്ക് അപ്പുറം തീയേറ്റർ റോഡ് സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പകൽ സമയങ്ങളിൽ പോലും സ്ത്രീകൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥ. ഈരയിൽക്കടവ്, എം.എൽ റോഡ് എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളെ വനിതാ ജീവനക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്താൻ എം.എൽ റോഡിനെയാണ് ആശ്രയിക്കുന്നത്. എം എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ ഇതൊന്നും കാണുന്നില്ലേ എന്നാണ് ജനം ചോദിക്കുന്നത്.