ഏഴാച്ചേരി : നാട്ടിൽ വായനയുടെ വെളിച്ചം വിതറിയ അറിവിന്റെ കവാടം തുറന്ന് ചെല്ലുമ്പോൾ നാഷണൽ ലൈബ്രറിയിൽ ഇപ്പോഴും ആ പുസ്തകമുണ്ട്. പൂർവസൂരികൾ തലമുറകൾക്കായി കാത്തുവച്ച അക്ഷരനിധിക്കൂട്ടിലെ ആദ്യ പുസ്തകം 'മഹാത്മാഗാന്ധി ' ജീവചരിത്രം.
പ്രായം കൊണ്ട് സപ്തതിയുടെ പടി ചവിട്ടാനൊരുങ്ങുന്ന ലൈബ്രറിയിലെ ആദ്യ പുസ്തകമാണിത്.
1951ൽ പുലിതൂക്കിലെ പൊന്നമ്മയാണ് പുസ്തകം സംഭാവന നൽകിയത്. സ്വന്തം കൈപ്പടയിൽ 'പൊന്നമ്മ പുലിതൂക്കിൽ ' എന്ന് നീല മഷിക്കെഴുതിയ പേരിന് , കാലപ്പഴക്കം കൊണ്ട് അല്പം മങ്ങലുണ്ടെങ്കിലും ലൈബ്രറിയുടെ സുവർണ സ്മരണകൾക്ക് നാടിന്റെ മനസിലിപ്പോഴും മിഴിവാർന്ന വർണങ്ങളാണ്. പൊന്നമ്മ, പിന്നീട് നാടിന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറായതിന് പിന്നിൽ ലൈബ്രറിയുടെ അറിവാഴമുണ്ട്. ഇവർ മാത്രമല്ല, മലയാളത്തിന്റെ സാഹിത്യ വേദിയിലേക്ക് പാട്ടും കഥകളും, ചരിത്രവുമൊക്കെയായെത്തി ഇരിപ്പിടം നേടി പ്രസിദ്ധരായ ഏഴാച്ചേരി രാമചന്ദ്രനും, പൊന്നമ്മ ടീച്ചറിന്റെ നേരാങ്ങള കൂടിയായ അമ്പാടി ബാലകൃഷ്ണനും, വി.എസ്.കുമാരനും തുടങ്ങിയ സാഹിത്യ പ്രതിഭകൾ... നാഷണലിന്റെ മൊട്ടിൽ വിടർന്ന് അക്ഷരം കൊണ്ട് അന്നം തേടിയവർ എത്രയെത്രയാണ്.
പൊന്നമ്മ ടീച്ചറിന്റെ ഇളയ മകൻ പാലാ കോടതിയിലെ എ.പി.പിയും പ്രമുഖ അഭിഭാഷകനുമായ അഡ്വ.വി.ജി. വേണുഗോപാലാണിപ്പോൾ ലൈബ്രറിയുടെ പ്രസിഡന്റ്. ഒരു നാടിന്റെ അറിവിന്റെ ഖനിയായി പതിനയ്യായിരത്തോളം പുസ്തകങ്ങളുമേന്തി നാഷണൽ ലൈബ്രറി ഇപ്പോഴും കാത്തു നിൽക്കുകയാണ്. എ ക്ലാസ് ലൈബ്രറിയായി പുതുതലമുറയ്ക്ക് അറിവിന്റെ വെളിച്ചമേകാൻ.