കോട്ടയം: എ.ടി.എം തട്ടിപ്പുകാരുടെ പിന്നാലെ പോയി ജില്ലയിലെ സൈബർ സെൽ ആറു മാസത്തിനിടെ തിരിച്ചു പിടിച്ചത് അഞ്ചു ലക്ഷത്തോളം രൂപ. ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 15 ലക്ഷത്തോളം രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി തട്ടിപ്പ് സംഘം ചൂണ്ടിയെടുത്തത്. ഇവരുടെ പിന്നാലെ പാഞ്ഞ സൈബർ സെൽ വിവിധ ബാങ്കുകളുടെയും വാലറ്റുകളുടെയും അക്കൗണ്ടിൽ നിന്നും പണം തിരികെ പിടിച്ചു.
എ.ടി.എം തട്ടിപ്പിൽ ഉൾപ്പെടുന്നവരിൽ നിന്ന് പണം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുടെയും വിവിധ വാലറ്റുകളുടെയും മേധാവിമാരെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിൽ തട്ടിപ്പിന് ഇരയായവരുടെ വിവരങ്ങൾ കൃത്യമായി നൽകിയാണ് പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചത്. തട്ടിപ്പിന് ഇരയായവർ എത്രയും വേഗം പരാതി നൽകിയാൽ ഈ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സൈബർ സെൽ അപ്‌ഡേറ്റ് ചെയ്യും. ഇത് ലഭിക്കുന്നതോടെ പണം മാറ്റിയ വാലറ്റുകളിൽ നിന്നും തുക തിരികെ പിടിക്കാൻ നിർദേശം നൽകും.
പണവും പോയി, ഭക്ഷണവും
നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയ്‌ക്ക് അൻപത് പേർക്കുള്ള ഭക്ഷണവും ഇരുപതിനായിരം രൂപയുമാണ് ഒരാഴ്‌ച മുൻപ് സൈബർ തട്ടിപ്പിലൂടെ നഷ്‌ടമായത്. കോട്ടയം നഗരത്തിൽ മിലിട്ടറി ക്യാമ്പ് നടക്കുന്നുണ്ടെന്നും, ക്യാമ്പിലേയ്‌ക്ക് അൻപത് പേർക്ക് ഭക്ഷണം എത്തിക്കണമെന്നുമാവശ്യപ്പെട്ട് ഹോട്ടൽ ഉടമയെ മിലിട്ടറി മേധാവി എന്നു പരിചയപ്പെടുത്തിയ ആൾ വിളിക്കുകയായിരുന്നു. ഹിന്ദിയിലും, ഇംഗ്ലീഷിലുമായിരുന്ന സംസാരം. വിശ്വാസം നേടാനായി ഇന്ത്യൻ മിലിട്ടറിയുടെ തിരിച്ചറിയൽ കാർഡും വാട്‌സ് ആപ്പിൽ അയച്ചു നൽകി. ഇത് അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വച്ച ശേഷം , എത്തിക്കേണ്ട സ്ഥലം അറിയുന്നതിനും പണത്തിനുമായി ഹോട്ടൽ ഉടമ വിളിച്ച നമ്പരിലേയ്‌ക്ക് ബന്ധപ്പെട്ടു. പണം കാർഡ് വഴി അയച്ചു നൽകാമെന്ന് അറിയിച്ച 'പട്ടാളക്കാരൻ' ആദ്യം ഹോട്ടൽ ഉടമയുടെ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പരിൽ പണം അയയ്ക്കാൻ സാധിക്കുന്നില്ലെന്നും, എ.ടി.എം കാർഡ് നമ്പറും സി.വി.വി നമ്പരും നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഈ രണ്ട് നമ്പരും അയച്ചതോടെ, പണം ഇപ്പോൾ അക്കൗണ്ടിലെത്തുമെന്നും ഇതിനു മുന്നോടിയായി ഒരു കോഡ് നമ്പർ ഫോണിൽ എത്തിയിട്ടുണ്ടെന്നും തട്ടിപ്പുകാരൻ പറഞ്ഞു. ഇത് വിശ്വസിച്ച് ഹോട്ടൽ ഉടമ ഫോണിൽ വന്ന നമ്പർ തട്ടിപ്പുകാരന് പറഞ്ഞു കൊടുത്തു. ഇതോടെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ പിൻവലിച്ചതായി സന്ദേശം എത്തി. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായതായി ഹോട്ടൽ ഉടമയ്‌ക്ക് മനസിലായത്.
പോയത് ആറു ലക്ഷം കിട്ടിയത് 4500 രൂപ
ഉത്തരേന്ത്യയിൽ ജീൻസ് ഇടപാടുകൾക്കായി ആറു ലക്ഷം രൂപയാണ് കോട്ടയത്തെ ഒരു വ്യവസായി ഡൽഹി കേന്ദ്രീകരിച്ചുള്ള അക്കൗണ്ടിലേയ്‌ക്ക് ഇട്ടു കൊടുത്തത്.ജീൻസ് വിറ്റു കൊടുക്കുന്നതിന്റെ നിശ്‌ചിത ശതമാനം തുക ഓരോ മാസവും കമ്മീഷനായി ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. വിൽപ്പനയുടെ നിശ്‌ചിത ശതമാനം തുക ലഭിക്കുന്നതിനായി ഇടപാടുകാരന് ബാങ്ക് അക്കൗണ്ടും എ.ടി.എം കാർഡും അയച്ചു നൽകി. മൂന്നു മാസമായി 1500 രൂപ വിതം 4500 രൂപ പിൻവലിച്ചതോടെ അക്കൗണ്ട് നിശ്‌ചലമായി. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായതായി ഇടപാടുകാരന് മനസിലായത്. സൈബർ സെല്ലിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പണം പിൻവലിച്ചത് ഗുജറാത്തിൽ നിന്നാണെന്ന് കണ്ടെത്തി. പക്ഷേ, പണം തിരികെ ലഭിച്ചില്ല.