കോട്ടയം: അർദ്ധരാത്രി നഗരാതിർത്തിയിൽ വാട്ടർ അതോറിട്ടിയുടെ പ്രധാനപൈപ്പ് പൊട്ടിയുണ്ടായ ജലപ്രവാഹത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. നഗരസഭയുടെ പതിനാലാം വാർഡിൽ കീഴുകുന്ന് ഭാഗത്ത് തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വെള്ളം ഇരച്ചുകയറി ഒരുവീട്ടിലെ അടുക്കളക്കതകും വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും നശിച്ചു. സമീപത്തെ മറ്റൊരുവീടിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞുപോയി. ഹരിനിവാസിൽ അരുൾദാസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് വെള്ളം കയറിയത്. അരുൾദാസിന്റെ സഹോദരൻ പരേതനായ മോഹൻദാസിന്റെ ഭാര്യയും മക്കളും മാതാപിതാക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവരുടെ രണ്ട് തയ്യൽ മെഷീനുകൾ, സമീപവാസികൾ തുന്നാൻ ഏൽപ്പിച്ചിരുന്ന പുതിയവസ്ത്രങ്ങൾ, വലിയ ഗ്രെയിന്റർ, ഭക്ഷ്യസാധനങ്ങൾ എന്നിവ വെള്ളവും ചെളിയും കയറി നശിച്ചു. വീടിനുള്ളിൽ നാലടിയോളം വെള്ളം കയറി. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനുപുറമെ പി.കെ. ഷാജിയുടെ പുതുതായി നിർമ്മിക്കുന്ന വീടിന്റെ ആറടിയിലേറെ ഉയരമുള്ള സംരക്ഷണഭിത്തിയും അടുത്തകാലത്ത് കോൺക്രീറ്റ് ചെയ്ത ഇലിപ്പുലിക്കാട് റോഡിൽ അൻപത് മീറ്ററോളം ഭാഗവും ഒലിച്ചുപോയിട്ടുണ്ട്. ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അയൽവാസി എം.ടി. ജോർജിന്റെ വീടിനും കേടുപാടുണ്ടായി.
വാട്ടർ അതോറിട്ടിയുടെ തിരുവഞ്ചൂരിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്ന് കോട്ടയത്തെ പ്രധാന ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്ന 600 എം.എം. വ്യാസമുള്ള ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. മണ്ണിനടിയിൽ രണ്ടാൾ താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന 600 എം.എം. വ്യാസമുള്ള രണ്ട് പൈപ്പുകളും 1000 എം.എം. വ്യാസമുള്ള ഒരു പൈപ്പും ഉപയോഗിച്ചാണ് പ്രധാനടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഇതിൽ ഏതാണ് പൊട്ടിയത് എന്നറിയാത്തതുകാരണം പൈപ്പുപൂട്ടാൻ വൈകിയതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. പുലർച്ചെ ഒരുമണിയോടെ മൂന്നുപൈപ്പുകളിലേയും പമ്പിംഗ് നിറുത്തിയെങ്കിലും മൂന്നരയോടെയാണ് ജലപ്രവാഹം നിലച്ചത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ഇന്നലെ പകൽ കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണം താറുമാറായി. എക്സിക്യുട്ടീവ് എൻജിനീയർ സജീവ് രത്നാകരന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി വൈകിട്ടോടെ ജലവിതരണം പുരനരാരംഭിച്ചു.
ആര് നൽകും നഷ്ടപരിഹാരം ?
സ്വയം തൊഴിൽ ചെയ്ത് കുടുംബം പുലർത്തുന്ന വിധവയായ വീട്ടമ്മ യുടെ സകല സമ്പാദ്യങ്ങളുമാണ് അർദ്ധരാത്രിയിലെ അപ്രതീക്ഷിത പൈപ്പുജല പ്രവാഹത്തിൽ നശിച്ചത്. എല്ലാംകൂടി ഒന്നേകാൽ ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. എന്നാൽ ഈ നഷ്ടം നികത്തുന്ന കാര്യത്തിൽ വാട്ടർ അതോറിട്ടി അധികൃതർ കൈ മലർത്തുകയാണ്. തകർന്ന റോഡും മറ്റ് നിർമ്മിതികളും പുനസ്ഥാപിച്ചുനൽകാൻ സാധിക്കുമെങ്കിലും നശിച്ചുപോയ വീട്ടുപകരണങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് വാട്ടർ അതോറിട്ടി അധികൃതർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻദാസിന്റെ കുടുംബം ജില്ല കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് തൊഴിലാളികൾ
പൈപ്പ് ജലപ്രവാഹത്തിൽ വെള്ളവും ചെളിയും ഇരച്ചുകയറിയ വീട് വൃത്തിയാക്കാൻ നഗരസഭയിലെ ക്ലീനിംഗ് തൊഴിലാളികൾക്കൊപ്പം റെയിൽവേ ഗുഡ്ഷെഡിലെ തൊഴിലാലികൾ സന്നദ്ധസേവകരായും പങ്കെടുത്തു. ദുരന്തം അറിഞ്ഞ സമയം മുതൽ നഗരസഭ കൗൺസിലർ ജോബി ജോൺ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ സ്ഥലം സന്ദർശിച്ചു.