theruvunaykootam

തലയോലപ്പറമ്പ്: പാതയോരങ്ങളിൽ തെരുവുനായശല്യം രൂക്ഷമായതോടെ നാട്ടുകാരും യാത്രക്കാരും ആശങ്കയിൽ. കാൽനടയാത്രക്കാരെയും വളർത്തുമൃഗങ്ങളെയും തെരുവുനായകൾ ആക്രമിച്ച നിരവധി സംഭവങ്ങൾ തലയോലപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഉണ്ടായത് നാട്ടുകാരുടെ ഭീതി വ‌ർദ്ധിപ്പിക്കുന്നു. തലയോലപ്പറമ്പ് ബസ്​ സ്റ്റാൻഡ്, മത്സ്യ മാർക്ക​റ്റ്, പള്ളിക്കവല, വെട്ടിക്കാട്ട് മുക്ക്, തലപ്പാറ, പൊതി, കീഴൂർ എന്നിവിടങ്ങളിലെ പാതയോരങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അക്രമകാരികളായ തെരുവുനായ കൂട്ടം കീഴൂർ ഭാഗത്ത് നാല് ആടുകളെ കടിച്ചുകീറി കൊല്ലുകയും 10 ഓളം ആടുകളെ കടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാതിക്കാമല ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ഭയന്ന് നിരവധി വീട്ടുകാർ ആടുവളർത്തൽ ഉപേക്ഷിച്ചിരിക്കുകയാണ്. നാളുകൾക്ക് മുൻപ് തലപ്പാറ ഭാഗത്ത് ജോണിയുടെ 15 കോഴികളെയും നായ്ക്കൾ കൊന്നിരുന്നു. തലയോലപ്പറമ്പ് ചന്തപ്പാലത്തിന് സമീപം കോളറയിൽ ജോസിന്റെ രണ്ട് ആട്ടിൻകുട്ടികളെ നായ്ക്കൾ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. കഴിഞ്ഞ 4 മാസത്തിനിടെ തലയോലപ്പറമ്പ് ജംഗ്ഷൻ, പളളിക്കവല, പൊതി, ഇരുമ്പയം ഭാഗങ്ങളിൽ 6 ഇരുചക്രവാഹന യാത്രക്കാർക്കാണ് നായകുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്റണം വിട്ട് മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേ​റ്റത്. വർദ്ധിച്ച് വരുന്ന തെരുവുനായശല്യത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.