കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 100-ാമത് ബാച്ച് 13, 14 തീയതികളിൽ ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. 13ന് രാവിലെ 10ന് സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ വിവാഹധനസഹായം വിതരണം ചെയ്യും. കഴിഞ്ഞകാലങ്ങളിൽ കൗൺസലിംഗ് കോഴ്സ് നടത്തിപ്പുമായി സഹകരിക്കുന്ന എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ ഡയറക്ടർ രാജേഷ് പൊന്മലയെ ഉപഹാരം നൽകി ആദരിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, വനിതസംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി. ആക്കളം തുടങ്ങിയവർ പ്രസംഗിക്കും. അവിവാഹിതരായ യുവതി യുവാക്കൾക്ക് കോഴ്സിൽ പങ്കെടുക്കാം. കൗൺസലിംഗ് കോഴ്സിൽ പങ്കെടുക്കുന്ന നിർദ്ധനരായ 8 പെൺകുട്ടികൾക്കാണ് വിവാഹധനസഹായം നൽകുന്നത്. കോട്ടയം യൂണിയൻ പരിധിയിലെ എല്ലാ ശാഖഭാരവാഹികളും 13ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.