അടിമാലി: ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വഴിയോരകച്ചവടക്കാരെ ദേശീയപാത വിഭാഗം ഒഴിപ്പിച്ചു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാൻ ദേശിയപാത വിഭാഗം എത്തിയത്.ആകെ 24 വ്യാപാരശാലകൾ ഉള്ളതിൽ 17 എണ്ണം സംഘം പൊളിച്ച് നീക്കി.വ്യാപാര ശാലകൾ പൊളിച്ച് നീക്കുന്നതിനെതിരെ സ്റ്റേ ഉത്തരവ് വാങ്ങിയ 7 കടകളെ നടപടികളിൽ നിന്നും ഒഴിവാക്കി.വ്യാപാര ശാലകൾ ചൊവ്വാഴ്ച്ച പൊളിച്ച് നീക്കുമെന്ന് ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം കച്ചവടക്കാരെ അറിയിച്ചിരുന്നു.അറിയിപ്പ് ലഭിച്ച വ്യാപാരികൾ ഇന്നലെ രാവിലെ ചീയപ്പാറയിൽ എത്തുകയും കടകളിൽ നിന്നും സാധന സാമഗ്രികൾ എടുത്ത് മാറ്റുകയും ചെയ്തു.തങ്ങളുടെ ഉപജീവനമാർഗ്ഗമാണ് നഷ്ടമായതെന്ന് വ്യാപാരികൾ പറഞ്ഞു.ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ ദേശിയപാത വിഭാഗം ഒഴിപ്പിക്കലിനുള്ള ശ്രമങ്ങൾ നടത്തുകയും കച്ചവടക്കാർ പ്രതിഷേധമുയർത്തിയതോടെ നടപടി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു..ഈ സാഹചര്യം കണക്കിലെടുത്ത് വനം,പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേശിയപാത വിഭാഗം ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയത്.പ്ലാസ്റ്റിക് ഷെഡുകൾക്ക് പുറമെ ഉണ്ടായിരുന്ന ഇരുമ്പ് പെട്ടികടകൾ ക്രെയിന്റെ സഹായത്താൽ നീക്കം ചെയ്തു.ചീയപ്പാറ ദുരന്തം മുതൽ പ്രദേശത്തെ വ്യാപാരികൾ ഒഴിപ്പിക്കൽ ഭീഷണി നേരിട്ട് വരികയായിരുന്നു.ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായത്.