കോട്ടയം: നെടുങ്കണ്ടം അനുഭവത്തിൽ നിന്നു പാഠം പഠിച്ച പൊലീസ്, ആക്രമാസക്‌തനായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് നാട്ടുകാരുടെ 'കാവലിൽ'. പൊലീസ് എത്തിയപ്പോൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തും വരെയുള്ള കാര്യങ്ങളെല്ലാം കൃത്യമായി കാമറയിലാക്കിയ പൊലീസ്, തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്നും നാട്ടുകാർക്ക് പരാതിയില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് നാട്ടുകാരെ പോകാൻ അനുവദിച്ചത്.
ഇന്നലെ രാവിലെ 11മണിയോടെ കളത്തിപ്പടി താന്നിക്കപ്പടിയിലായിരുന്നു സംഭവം. പ്രദേശത്തെ കടകളിൽ എത്തി ഗുണ്ടാ പിരിവ് ചോദിക്കുകയും, അക്രമാസക്‌തനാകുകയും ചെയ്‌ത യുവാവിനെതിരെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കല്ലും കമ്പും ഇഷ്‌ടികയുമായി റോഡ് ഗതാഗതം തടസപ്പെടുത്തിയായിരുന്നു യുവാവിന്റെ ഭീഷണി. കടകൾക്ക് നേരെ കല്ലെറിയുകയും, വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്‌ത യുവാവിനെ കീഴ്‌പ്പെടുത്താൻ നാട്ടുകാർക്ക് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു.
ഗതാഗതക്കുരുക്കിനിടയിലൂടെ പൊലീസ് കൺട്രോൾ റൂം വാഹനം എത്തിയപ്പോൾ മർദനമേറ്റ യുവാവ് അവശൻ. ജീപ്പിൽ നിന്നും ഇറങ്ങുമ്പോൾ മുതലുള്ള കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ കൃത്യമായി വീഡിയോ കാമറയിൽ പകർത്തി. ഇവിടെ കൂടി നിന്ന മുഴുവൻ ആളുകളെയും കാമറയിൽ ഉൾപ്പെടുത്താൻ തുടങ്ങിയതോടെ യുവാവിനെ കൈകാര്യം ചെയ്‌ത പലരും മുങ്ങി. തുടർന്ന്, നാട്ടുകാർ തന്നെ വിളിച്ചു വരുത്തിയ ആംബുലൻസിൽ, സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരെയും കയറ്റി നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക്. ഇവിടെ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം, മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ നൽകി. യുവാവിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാട്ടുകാരെ വിട്ടയച്ചത്.
നാട്ടുകാരുടെ ആക്രമണത്തിന് ഇരയായ ആളുകളെയോ, റോഡിൽ അക്രമാസക്‌തരാകുന്നവരെയോ ആദ്യം ആശുപത്രിയിൽ എത്തിച്ച വൈദ്യ പരിശോധന നടത്തിയ ശേഷം മാത്രമേ സ്റ്റേഷനിൽ എത്തിക്കാവു എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചത്.