പാലാ : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 19 മുതൽ 28 വരെ നടക്കും. സഹനത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്രയായ വിശുദ്ധയുടെ തിരുനാൾ ആർഭാടങ്ങൾ ഒഴിവാക്കി ആത്മീയതയ്ക്കു പ്രാധാന്യം നൽകിയാണ് ആഘോഷിക്കുന്നത്. 19 ന് രാവിലെ 10.45ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.15, 6.30, 8.30, 11, ഉച്ചകഴിഞ്ഞ് 2.30, അഞ്ച് എന്നി സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും.

ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാർ ജയിംസ് അത്തിക്കളം, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ ജോസ് പുളിക്കൽ, സാമുവൽ മാർ ഐററേനിയോസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 19 ന് ഉച്ചകഴിഞ്ഞ് 2.30ന് ഇംഗ്ലീഷിലും 23ന് തമിഴിലും, 24നു സുറിയാനിയിലും 25നു ഹിന്ദി ഭാഷയിലും വിശുദ്ധ കുർബാനയുണ്ട്. 27ന് വൈകിട്ട് 6.30 ന് അൽഫോൻസാമ്മ ജീവിച്ച് മരിച്ച മഠത്തിലെ ചാപ്പലിലേക്ക് ഭക്തിനിർഭരമായ ജപമാല, മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. നൂറുകണക്കിനു വൈദിക, സന്യാസ അത്മായർ പ്രദക്ഷിണത്തിൽ പങ്കുചേരും. 27 ന് ഉച്ചകഴിഞ്ഞ് 2.30 ന് ബധിരർക്കായി ഫാ. ബിജു മൂലക്കര വിശുദ്ധ കുർബാന അർപ്പിക്കും.

പ്രധാന തിരുനാൾ ദിനമായ 28 ന് പുലർച്ചെ 4.45 മുതൽ തുടർച്ചയായി വിശുദ്ധ കുർബാന. രാവിലെ 7.15 ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. 7.30 ന് ഇടവക ദൈവാലയത്തിൽ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. 10 ന് ഇടവക ദൈവാലയത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് തിരുനാൾ പ്രദക്ഷിണം.