തലയോലപ്പറമ്പ് : ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തെന്നി മാറി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് പട്ടശ്ശേരിൽ കോമളാ ദാമോദരന്റെ ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ തെന്നി മാറിയത്.ഇന്നലെ പുുലർച്ചെയാണ് സംഭവം. വീടിന് മുകളിൽ നിന്നും ഇഷ്ടിക താഴെ അടർന്നു വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് മേൽക്കൂര ഉറപ്പിച്ചിരുന്ന കൽക്കെട്ടിൽ നിന്നും തെന്നി മാറിയത് ശ്രദ്ധയിൽ പെട്ടത്. ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മേഞ്ഞ ഓടുകളും പൊട്ടി നിലത്ത് വീണു. വീടിന്റെ ഭിത്തിയും തകർന്ന നിലയിലാണ്. വടയാർ വില്ലേജ് ഓഫീസർ പി.ബി നാരായണൻകുട്ടി ,പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മേൽക്കൂര ഏതുനിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലായതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ കുടുംബത്തെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.