bridge

കുറവിലങ്ങാട് : ഇവിടെ പാലം കുലുങ്ങുന്നു; പക്ഷേ അറിയേണ്ടവർ അത് അറിയുന്നില്ല. അധികാരികൾ കുലുങ്ങാതെ നിഷ്‌ക്രിയരായി ഇരിക്കുന്നു. ഈ അനാസ്ഥയിൽ നിന്ന് അവരെ കുലുക്കി ഉണർത്തേണ്ട സമയം കഴിഞ്ഞു. ഇല്ലെങ്കിൽ കുറവിലങ്ങാട് മേഖലയിലെ ഈ പാലങ്ങൾ
വലിയ ഒരു ദുരന്ത ചിത്രമായി മാറും. കാലപ്പഴക്കവും നിർ‌മ്മാണ രീതിയിലെ അപാകതയുമാണ് പാലം തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം കുലുങ്ങും. സ്കൂൾ കുട്ടികളടക്കം ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

മുട്ടുങ്കൽ പാലം

കുറവിലങ്ങാട് ജംഗ്ഷനിലെ കാലപ്പഴക്കം ഏറെയുള്ള പാലങ്ങളിൽ ഒന്നാണ് മുട്ടുങ്കൽ പാലം. ബലക്ഷയം കണ്ടെത്തിയിട്ട് ഒന്നര വർഷത്തിലേറെയായി. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. സ്കൂൾ ബസുകൾ, ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നു പോകുന്നു. കുറവിലങ്ങാട് നിന്ന് മുക്കവലക്കുന്ന്, ഞീഴൂർ, കാഞ്ഞിരംകുളം എന്നീ പ്രദേശങ്ങളിലേക്ക് പോകുന്നത് പാലം വഴിയാണ്.

മുട്ടുങ്കൽ - കരോട്ട് ഭാഗം പാലം

ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുട്ടുങ്കൽ - കരോട്ട് ഭാഗം റോഡിൽ നാല് മാസം മുൻപ് നിർമ്മിച്ച പാലത്തിൽ ഭാരവാഹനം കയറിയതോടെ കുഴി രൂപപ്പെട്ട നിലയിലാണ്. അടുത്തിടെ കുഴി ടാർ ചെയ്തു. നിർമ്മാണത്തിലെ അപാകതയാണ് മാസങ്ങൾക്കുള്ളിൽ പാലം തക‌രാൻ ഇടയാക്കിയതെന്നാണ് ആരോപണം.

പുളിയമാക്കിൽ റോഡ് - തറപ്പിൽ റോഡ് പാലം

എം. സി റോഡിൽ കുര്യനാടിന് സമീപമുള്ള പുളിയമാക്കിൽ റോഡ് - തറപ്പിൽ റോഡ് പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലാണ്. കടപ്ലാമറ്റം പഞ്ചായത്തിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഹരിജൻ കോളനി ഉൾപ്പെടുന്ന ഇലയ്ക്കാട് പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന വളകുഴി പാലം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളെറെയായി. ഭാരവാഹനം കയറിയതിനെത്തുർന്ന് രണ്ട് തവണ വലിയ കുഴി രൂപപ്പെട്ടു. രണ്ട് തവണ താത്കാലികമായി ടാർ ചെയ്തു. പാലത്തിന് 60 വർഷത്തിലേറെ പഴക്കമുണ്ട്.