കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണകേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൂടുതൽ പിഴവുകളെന്ന് സൂചന. ഈ റിപ്പോർട്ട് പ്രകാരമാണെങ്കിൽ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന പൊലീസുകാർ ഉൾപ്പെടെയുള്ളവർ നിഷ്പ്രയാസം തലയൂരുമെന്ന സംശയം പലഭാഗത്തുനിന്നും ഉയർന്നുതുടങ്ങി. ഇതിനെ മറികടക്കാൻ മെഡിക്കൽ ബോർഡ് കൂടുകയോ വീഡിയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഇത് പൊലീസിനെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കെവിൻ കൊലക്കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് അപാകതകൾ പരിഹരിച്ചാണ് കോടതിയിൽ കേസ് ചാർജ് ചെയ്തത്. എട്ടു പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും രാജ്കുമാറിനെ ഉരുട്ടിയെന്ന് സമ്മതിക്കുകയും എസ്.ഐ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്ത കേസിൽ ഇത് ഉണ്ടായിട്ടില്ല.

ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ന്യുമോണിയ ബാധിക്കാനുള്ള കാരണം പലതുണ്ട്. പനി കടുത്താൽ ന്യുമോണിയ ആയി മാറാം. പനി എങ്ങനെയും ബാധിക്കാം. ശരീരത്തിനേറ്റ ക്ഷതം കൊണ്ട് ഉണ്ടായ പനി ന്യുമോണിയ ആയി മാറാം. തക്കസമയത്ത് ചികിത്സ നല്കിയില്ലെങ്കിലും പനി ന്യുമോണിയ ആയി മാറാൻ സാദ്ധ്യതയുണ്ട്.

രാജ്കുമാറിന്റെ പാദങ്ങളും കാൽവണ്ണയും നീരുവന്ന് വീർത്ത നിലയിലായിരുന്നു. ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് വൃക്കകൾക്ക് ക്ഷതം സംഭവിച്ചതിലൂടെയാവാം. ഉരുട്ടൽ മൂലമുണ്ടായ പേശികൾക്ക് ക്ഷതം സംഭവിച്ചാൽ മയോഗ്ലോബിൻ എന്ന പ്രോട്ടീൻ വൃക്കയിൽ എത്തിചേർന്നാലും വൃക്ക തകരാറിലാവാം. രക്തവും മൂത്രവും രാസപരിശോധനയ്ക്ക് അയച്ചിരുന്നെങ്കിൽ എങ്ങനെ വൃക്ക തകരാറിലായി എന്നത് വ്യക്തമായി കണ്ടെത്താൻ കഴിയുമായിരുന്നു. അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നാണ് അറിയുന്നത്.

പോസ്റ്റ്മോട്ടത്തിൽ വിട്ടുപോയ കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. ഇതിനായി മെഡിക്കൽ ബോർഡ് കൂടേണ്ടതുണ്ട്. പോസ്റ്റുമോർട്ടത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽപ്രതികൾ രക്ഷപ്പെടാൻ കാരണമാവുമെന്ന് ഫോറൻസിക് വിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നു.

ക്രൈംബ്രാഞ്ച്

തെളിവെടുപ്പ് തുടരുന്നു

രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ യുടെ മുറി, പൊലീസുകാരുടെ വിശ്രമമുറി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് ഇന്നും തുടരും. വിശ്രമ മുറിയിലായിരുന്നു രാജ്കുമാറിനെ പ്രാകൃത പീഡനങ്ങൾക്ക് വിധേയമാക്കിയത്. ഇന്ന് വൈകുന്നേരം എസ്.ഐയെ കോടതിയിൽ ഹാജരാക്കണം. രാജ്കുമാറിനെ മർദ്ദിച്ചതിൽ എസ്.ഐയുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, വനിതാ പൊലീസുകാരി ഉൾപ്പെടെ നാലു പേർ കൂടി അറസ്റ്റിലാവുമെന്നാണ് സൂചന. കുറ്റകൃത്യം തെളിഞ്ഞതോടെ സസ്പെൻഷനിലായ എട്ടു പേരിൽ നാലു പേർ അറസ്റ്റിലാണ്. എട്ടു പേരാണ് സസ്പെൻഷനിലായത്. ഇവർ മൊഴി മാറ്റി മാറ്റി പറയുന്നത് ക്രൈംബ്രാഞ്ചിന് തലവേദനയായി. തെളിവുകൾ പരമാവധി ശേഖരിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.