കോട്ടയം: പച്ചക്കറി, മീൻ ,ഇറച്ചി, പലവ‌്യഞ്ജനം എല്ലാറ്റിനും വില കുതിച്ചുകയറുന്നു . പെട്രോൾ,ഡീസൽ വില ലിറ്ററിന് രണ്ടരരൂപയിലേറെ കൂട്ടി കേന്ദ്രസർക്കാർ സാധാരണക്കാരുടെ വയറ്റത്തടിച്ചെങ്കിൽ വൈദ്യുതി നിരക്കിലൂടെ സംസ്ഥാന സർക്കാരിന്റെ അടി കരണത്തായി. വൈദ്യുതി ചെലവ് കൂടുന്നതിന്റെ മറവിൽ വാട്ടർ അതോറിറ്റിയും വെള്ളക്കരം കൂട്ടുകയാണ്. ഇന്ധന വർദ്ധനവിന്റെ പേരിൽ ഇനി ബസ്, ഓട്ടോ,ടാക്സി നിരക്ക് കൂട്ടണമെന്ന മുറവിളിയും ഉയരും. വരുമാന വർദ്ധനവൊന്നുമില്ലാത്ത സാധാരണക്കാർ പറയുന്നു: 'ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതെന്തിന്? ഒറ്റയടിക്ക് അങ്ങ് കൊല്ല്!'
പച്ചക്കറി വില മുന്നോട്ട്
തമിഴ്നാട്ടിലെ രൂക്ഷമായ വരൾച്ചയിൽ ഉത്പാദനം കുറഞ്ഞതോടെ കേരളത്തിലേയ്ക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതോടെ കുതിച്ചുയർന്ന വില താഴാതെ നിൽക്കുകയാണ് . പ്രളയവും വരൾച്ചയും കേരളത്തിലെ പച്ചക്കറി ഉത്പാദനവും തളർത്തിയതും വില വർദ്ധനവിന് കാരണമായി. ബീൻസ് ,അച്ചിങ്ങ സവോള എന്നിവയ്ക്ക് നേരിയ വിലക്കുറവുണ്ട്.
ഇഞ്ചി 200
ഉള്ളി 58
മുളക് -50
മുരിങ്ങയ്ക്ക- 65
തക്കാളി 35
ഏത്തക്ക 55
ഞാലിപ്പൂവൻ 70
മത്സ്യവില കുതിക്കുന്നു
ട്രോളിംഗ് നിരോധനം കൂടിയായതോടെ മീൻവിലയിൽ വൻവർദ്ധനയാണുണ്ടായത്. നാടൻ മത്തി കിട്ടാനില്ല. മുള്ളു കൂടുതലുള്ള വരവ് മത്തി 160 -180 രൂപയിലെത്തി. മോത, നന്മീൻ, വറ്റ, കാളാഞ്ചി തുടങ്ങിയ മുന്തിയ ഇനങ്ങളുടെ വില 400 മുതൽ 800 രൂപ വരെയാണ്. നാടൻ മീൻ വിലയും കുതിച്ചുയർന്നു.നാടനെന്ന ലേബലിൽ എത്തുന്ന വളർത്തു മീനുകൾക്കും ഉയർന്ന വിലയാണ്.
ഏറെക്കാലം അഴുകാതിരിക്കാൻ രാസവസ്തുക്കൾ കലർത്തിയ മീനുകളാണ് തമിഴ്നാട് മംഗലാപുരം പ്രദേശത്തു നിന്ന് കൂടുതലായെത്തുന്നത്.
അയില 200
കിളിമീൻ 200
കരിമീൻ 400
മുരശ് 300
ഇറച്ചി വിലയും വർദ്ധിച്ചു
കോഴി കിലോയ്ക്ക് 125ൽ എത്തിയത് 100ലേയ്ക്ക് താഴ്ന്നെങ്കിലും വില സ്റ്റെഡിയായി നിൽക്കുന്നില്ല. മാട്ടിറച്ചി 320ൽ നിന്ന് 340-350ൽ എത്തി. ആട്ടിറച്ചി 600-650ൽ.
അരിവിലയിൽ കാര്യമായ വർദ്ധന വന്നിട്ടില്ലെങ്കിലും പരിപ്പ്, പയറ്, ഉഴുന്ന് തുടങ്ങിയ പലവ്യഞ്ജനങ്ങളുടെ വില ഉയർന്നു.
ഇന്ധനവില വർദ്ധനയുടെ തുടർച്ചയായി ചരക്ക് വാഹനങ്ങളുടെ വാടക ഉയർത്തുന്നതോടെ ആവശ്യ സാധനങ്ങളുടെ വില ഇനിയും വർദ്ധിച്ചേക്കും.