കറുകച്ചാൽ: കറുകച്ചാലിലും സമീപപ്രദേശങ്ങളിലും റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ദിവസേന നിരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അപകടങ്ങൾക്ക് രാത്രിയെന്നോ പകലെന്നോയുള്ള വ്യത്യാസം പോലും ഇപ്പോഴില്ല. ഇത് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇടയാക്കും. കഴിഞ്ഞ ദിവസം കറുകച്ചാലിലും പരിസരപ്രദേശങ്ങളിലുമായി നാലോളം അപകടങ്ങളാണ് ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞതും കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറിയതുമാണ് അപകട പരന്പരയിലെ പ്രധാന സംഭവങ്ങൾ. കഴിഞ്ഞദിവസം സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചതും റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചതുമെല്ലാം ആശങ്കയോടെയാണ് യാത്രക്കാർ കാണുന്നത്. ടോറസ് ലോറിയിൽ ഇടിച്ചു രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് ഇന്നലെയാണ്. അമിതവേഗവും അശ്രദ്ധയും റോഡുകളുടെ നിർമാണത്തിലെ അപാകതയുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. ഉന്നത നിലവാരത്തിൽ റോഡുകൾ ടാർ ചെയ്തതോടെ അനിയന്ത്രിതമായ വേഗത വലിയ പ്രശ്നമായി. കൂടാതെ കൊടുംവളവുകൾ നിവർത്താത്തതും റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന മൺതിട്ടകൾ നീക്കംചെയ്യാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ചങ്ങനാശ്ശേരി-വാഴൂർ റോഡിലും കറുകച്ചാൽ - മണിമല റോഡിലുമാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. കറുകച്ചാൽ-മല്ലപ്പള്ളി റോഡിലും അപകടങ്ങൾ പതിവാണ്. രാത്രിയിലെ അപകടങ്ങൾക്ക് പ്രധാന കാരണം മദ്യലഹരിയിലെ ഡ്രൈവിംഗ് ആണ്. അതിവേഗത്തിലെത്തിയ ബൈക്ക് നെത്തല്ലൂർ ക്ഷേത്രത്തിന് മുന്പിലെ കാണിക്ക വഞ്ചിയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചത് അടുത്തകാലത്താണ്. കാർ ഇടിച്ച് കാൽനട യാത്രികൻ മരിച്ചതും ഓട്ടോയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതുമെല്ലാം നാട്ടുകാരുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞുപോയിട്ടില്ല.
ആഴ്ചയിൽ വലതും ചെറുതുമായി പത്തോളം അപകടങ്ങൾ കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ ഉണ്ടാകുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. രജിസ്റ്റർ ചെയ്യപ്പെടാത്തവ ഇതിലും കൂടുതലാണ്. ഇത്തരത്തിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വേഗനിയന്ത്രണ സംവിധാനങ്ങളും അപായ സൂചനാബോർഡുകളും സ്ഥാപിക്കുന്നതിലുള്ള അധികൃതരുടെ അശ്രദ്ധ തുടരുകയാണ്. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊർജിതമാക്കേണ്ടതും അനിവാര്യമാണ്.