ചങ്ങനാശേരി : ഒരു വശത്ത് കുഴി, ഇതിനപ്പുറം റോഡിലാകെ ചെളി. കുറിച്ചി ശങ്കരപുരം ആൽത്തറയിൽ നിന്നും ഔട്ട്‌പോസ്റ്റ് ജംഗ്ഷൻ വരെയുള്ള ശങ്കരപുരം-ഔട്ട്‌പോസ്റ്റ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. യാത്ര തീർത്തും അസാധ്യം. 2010-15 കാലത്ത് ജില്ലാ പഞ്ചായത്ത് ടാർ ചെയ്ത റോഡാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. എം.സി റോഡ് വീതികൂട്ടിയ സമയത്ത് ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടത് ഈ റോഡിലൂടെയായിരുന്നു. ഭാരമുള്ള വാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതിനെ തുടർന്നാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ റോഡിന് ഓടയില്ല. ശക്തമായ മഴവെള്ളപ്പാച്ചിൽ ടാർ ഒലിച്ചുപോയി. കാലായിപ്പടിയിലെ തിരക്കൊഴിവാക്കി ഔട്ട്‌പോസ്റ്റിലെത്താനുള്ള എളുപ്പമാർഗ്ഗംകൂടിയാണ് ഈ റോഡ്. കുറിച്ചി സർവ്വീസ് സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന റോഡ് ടാർ ചെയ്യണമെന്ന ആവശ്യവുമായി സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.