കോട്ടയം: തീൻമേശയിൽ മലയാളിയുടെ ഇഷ്ടവിഭവമാണ് കരിമീൻ പെള്ളിച്ചതും വറുത്തതുമെല്ലാം. രുചിമേളം തീർക്കുന്ന കരിമീനുകളിൽ മുമ്പൻ ഏതെന്ന് ചോദിച്ചാൽ കുമരകം കരിമീൻ എന്നാകും ഉത്തരം. ട്രോളിംഗ് നിരോധനമെത്തിയതോടെ കരിമീന്റെ വില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കടൽമത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും കരിമീന് ആവശ്യക്കാർ കൂടിയതും വില ഉയരാൻ കാരണമായി. കുമരകത്ത് ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണസംഘം വഴിയാണ് പ്രധാനമായും കരിമീൻ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് എല്ലാ സ്ഥലങ്ങളിലെ അപേക്ഷിച്ച് വിലയിൽ കുറവുണ്ട്.

കുമരകത്ത് മൂന്ന് തരം കരിമീനുകളാണ് വിറ്റഴിക്കുന്നത്. തൂക്കവും വലുപ്പവുമുള്ള കരിമീന് കിലോയ്ക്ക് 500 മുതൽ 600 രൂപവരെയാണ് വില. വലുപ്പത്തിലെ വ്യത്യാസം അനുസരിച്ച് 400 രൂപ മുതൽ 500 വരെയും, 300 മുതൽ 400 രൂപ നിരക്കിലും മീൻ ലഭിക്കും. ലഭ്യത അനുസരിച്ച് ഓരോ ദിവസവും വിലയിൽ മാറ്റവുമുണ്ടാകും. എന്നാൽ സ്വകാര്യ മത്സ്യവില്പന സ്ഥാപനങ്ങളിൽ പലതും ഇതിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ 30 മുതൽ 50 രൂപയുടെ വർദ്ധനയാണുള്ളത്.

ഒന്നര മാസം മുമ്പ് കുമരകം കരിമീന്റെ വില കുത്തനെ ഇടിഞ്ഞുന്നു. 300 രൂപയിലേക്ക് വില താഴ്ന്നിരുന്നു. ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചതോടെയാണ് പടിപടിയായി വില ഉയർന്നുതുടങ്ങിയത്. കരീമീനെ കൂടാതെ മറ്റ് ആറ്റ് മത്സ്യങ്ങലുടെയും വില വർദ്ധിച്ചിട്ടുണ്ട്.

കരിമീനെ

കരുതണം

കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. ആന്ധ്രാ കരിമീന്റെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിൽ ലഭിക്കുന്നതും ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം. ഇവിടെയാണ് ഉപഭോക്താക്കൾ വഞ്ചിതരാകുന്നത്.