കോട്ടയം: മതിയായ തയ്യാറെടുപ്പില്ലാതെ ആരംഭിച്ച പച്ചത്തേങ്ങ സംഭരണം മണ്ഡരി ബാധിച്ച തെങ്ങുപോലെയായി. പദ്ധതി തുടങ്ങി നാല് ദിവസമായിട്ടും ജില്ലയിൽ ഒരു കിലോ തേങ്ങപോലും സംഭരിക്കാനായില്ല. മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 38 രൂപ ലഭിക്കുമ്പോൾ 27 രൂപയാണ് സംഘങ്ങൾ നൽകുക. തേങ്ങ സംഭരണത്തിന് തയ്യാറായി രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് മുന്നോട്ട് വന്നത്.
അതിരമ്പുഴ ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം, രാമപുരത്തുള്ള
കോട്ടയം കോക്കനട്ട് കമ്പനി എന്നിവയ്ക്കാണ് മാനദണ്ഡ പ്രകാരം തേങ്ങ സംഭരിക്കാനുള്ള യോഗ്യതയുള്ളത്. ഡ്രയിംഗ് യാർഡ് ഉള്ള സംഘങ്ങൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന നിബന്ധന കർശനമാക്കിയതോടെ അനുബന്ധ പശ്ചാത്തലമുള്ള ഈ രണ്ട് സംഘങ്ങൾ മാത്രമേ മുന്നോട്ടുവന്നുള്ളൂ. സാമ്പത്തിക ശേഷിയുള്ള സംഘങ്ങൾക്ക് സംഭരണ ചുമതല നൽകാനാണ് നിർദേശം. കേര ഫെഡാണ് നോഡൽ ഏജൻസി. കർഷകരിൽ നിന്ന് തേങ്ങ സംഭരിക്കുന്ന സംഘം കൊപ്രയാക്കി കേരഫെഡിന് നൽകും. തേങ്ങ ലഭിക്കുമ്പോൾ തന്നെ കർഷകർക്ക് പണം നൽകണം. മുൻകൂർ പണം നൽകണമെന്ന വ്യവസ്ഥ പല സഹകരണ സംഘങ്ങളും പിൻമാറുന്നതിനും കാരണമായി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ, കേരഫെഡ് ഓഫീസർ, സഹകരണ സംഘം ജോ.രജിസ്ട്രാർ എന്നിവരടങ്ങുന്ന ജില്ലാ തല സമിതിയാണ് സംഘങ്ങളെ തെരഞ്ഞെടുക്കുന്നത്.
ഒരു കിലോ 27 രൂപ
താങ്ങുവിലയായ 27 രൂപയ്ക്കാണ് പച്ചത്തേങ്ങ സംഭരിക്കുക. ഇറക്കുകൂലി, വാഹനത്തിൽ കൊണ്ടുപോകുന്നതിനുള്ള ചെലവ് എന്നീ ഇനങ്ങളിൽ 400 രൂപ സൊസൈറ്റികൾക്ക് ലഭിക്കും. എന്നാൽ ഒരു കിലോ തേങ്ങയ്ക്ക് 38 രൂപ മുതലാണ് മാർക്കറ്റ് വില. ഈ സാഹചര്യത്തിൽ ആരെങ്കിലും 27രൂപയ്ക്ക് തേങ്ങ കൊടുക്കുമോയെന്നത് ഉദ്യോഗസ്ഥരെ വട്ടംചുറ്റിക്കുന്നുണ്ട്.
മാർക്കറ്റ് വില ₹38, സംഭരിക്കുന്നത് ₹27ന്
വിലകുറവായതിനാൽ ആരും തേങ്ങ കൊടുത്തില്ല
സർക്കാർ മാനദണ്ഡം സംഘങ്ങൾക്ക് വിനയായി
ഇതുവരെ മുന്നോട്ടു വന്നത് 2 സംഘങ്ങൾ
'' തെങ്ങ് കൃഷി വ്യാപകമാക്കി ഉത്പാദനം കൂട്ടിയാലേ പദ്ധതി ഉദ്ദേശിച്ച രീതിയിൽ ജില്ലയിൽ പ്രാവർത്തികമാകൂ. തേങ്ങ സംഭരണത്തിനുള്ള പ്രവർത്തനങ്ങൾ തുടരകയാണ്''
ജാൻസി, (അസി. ഡയറക്ടർ)