കോട്ടയം: വൈദ്യുത ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ടും ബി.ജെ.പിയും കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചപ്പോൾ പണികിട്ടിയത് എം.സി. റോഡിലെ യാത്രക്കാർക്ക്. കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമരം നടത്തേണ്ടവർ റോഡ് സമരക്കളമാക്കിയതോടെ യാത്രക്കാർ വലഞ്ഞു. പൊലീസ് ഇടപെട്ട് ഒരുവശത്ത് കൂടി വാഹനങ്ങൾ കടത്തിവിട്ടെങ്കിലും നഗരം കുരുക്കിലായി.
രാവിലെ 11.30ഓടെയായിരുന്നു ബി.ജെ.പി സമരം. കെ.എസ്.ഇ.ബി ഓഫീസിന്റെ ഗേറ്റ് സമരക്കാരെ കണ്ട് അടച്ചെങ്കിലും ഗേറ്റിന് മുന്നിൽ സമരം നടത്താൻ ആവശ്യത്തിന് ഇടമുണ്ടായിരുന്നു. പക്ഷേ, സമരക്കാർ എം.സി റോഡിലേയ്ക്ക് നീങ്ങി. റോഡിന് നടുവിൽ സമരക്കാർ നിരന്നതോടെ ഒറ്റവണ്ടിയും പോകാൻ കഴിയാതായി. കോടിമത മുതൽ ബ്ളോക്ക് തുടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് സമരക്കാരെ ഒരു വശത്തേയ്ക്ക് നീക്കി ഒരു വരിയിലൂടെ വാഹനം കടത്തി വിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് യൂത്ത് ഫ്രണ്ട് (എം) സമരം തുടങ്ങിയത്. ഗേറ്റ് പൂട്ടിയപ്പോൾ സമരക്കാർ റോഡിന് നടുവിൽ നിരന്നതോടെ വീണ്ടും നഗരം കുരുക്കിലായി. ഈ സമയം പോസ്റ്റ് ഓഫീസിന് മുന്നിൽ അംഗൻവാടി ജീവനക്കാരും സമരം തുടങ്ങിയിരുന്നു. ഇതോടെ നഗരം മുഴുവൻ കുരുക്കിലായി. സമരങ്ങൾ അവസാനിപ്പിച്ച് ഒരുമണിക്ക് ശേഷമാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിച്ചത്.