ചങ്ങനാശേരി : ചെറിയ മഴയിൽപോലും ചങ്ങനാശേരി നഗരമദ്ധ്യത്തിലും മറ്റിടങ്ങളിലും റോഡ് വെള്ളക്കെട്ടാൽ നിറയുന്നത് മൂലം ഏറെ വലയുകയാണ് വാഹന-കാൽനട യാത്രക്കാർ. എം.സി.റോഡിൽ ചങ്ങനാശേരി എസ്.ബി.കോളേജിനും സമീപത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇന്നലെയും പെയ്തമഴയിൽ വലിയവെള്ളക്കെട്ടാണ് ഉണ്ടായത്. റോഡിന്റെ പകുതിയിലേറെ ഭാഗവും വെക്കെട്ടാൽ നിറയുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനും തടസം സൃഷ്ടിക്കുന്നു. സമീപത്തുകൂടെ പോകുന്ന കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നതിനും ഇടയാക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗങ്ങളിൽ കലുങ്കുകളും ഓടകളും നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അടഞ്ഞ നിലയിലാണ്. അതിനാൽ വെള്ളം ഒഴുകിപ്പോകാനുള്ള താമസമാണ് വെള്ളക്കെട്ടിന് കാരണം. തെങ്ങണ, എൻ.എസ്.എസ് കോളേജ് റോഡിനു സമീപം, പെരുന്ന വാട്ടർ അതോറിട്ടിയുടെ സമീപം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.